
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്പോൾ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശത്തോട് മുഖം തിരിക്കുന്ന തദ്ദേശ സ്ഥാപന നിലപാട് പഠിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തരാമെന്നാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും പറയുന്നത്. നിന്നു തിരിയാൻ കഴിയാത്ത തിരക്കിനിടെ ഇപ്പോൾ അതുപോലുള്ള സർട്ടിഫിക്കറ്റുകളൊന്നും നല്കാൻ കഴിയില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. മെഡിക്കൽ ഓഫീസർമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തിരക്കിലും ആയതോടെ സർട്ടിഫിക്കറ്റ് വിതരണം പലയിടത്തും അനിശ്ചിതത്വത്തിലാണ്.
സർട്ടിഫിക്കറ്റുകൾ കൃത്യസമയത്ത് ഹാജരാക്കാൻ കഴിയാത്തതോടെ നിരവധി പേർക്ക് ടെസ്റ്റിന് ഹാജരാവാൻ കഴിയാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ടെസ്റ്റിന് എത്തുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. രോഗം ബാധിച്ചിരുന്നയാളാണെങ്കിൽ രോഗം മാറിയെന്നുള്ള സർട്ടിഫിക്കറ്റ്, ക്വാറന്റൈനിൽ കഴിഞ്ഞിരുന്നയാളാണെങ്കിൽ ഇതു സംബന്ധിച്ച വിവരങ്ങൾ, ടെസ്റ്റ് നടത്തിയ ശേഷം റിസൾട്ട് നെഗറ്റീവാണെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ളവ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകണം.
സർട്ടിഫിക്കറ്റുമായി എത്തുന്നവരെ മാത്രമേ ടെസ്റ്റിന് പരിഗണിക്കുകയുള്ളൂ. മെഡിക്കൽ ഓഫീസർമാർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ബി.എൽ.ഒമാർ, ആശാ വർക്കർമാർ എന്നിവർക്ക് ഇതു സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാം. കൂടുതൽ പേരും നേരത്തെ ജനപ്രതിനിധികളിൽ നിന്നുമായിരുന്നു സർട്ടിഫിക്കറ്റുകൾ വാങ്ങിയിരുന്നത്. എളുപ്പത്തിൽ ലഭിക്കാവുന്നതിനാലാണ് ജനപ്രതിനിധികളെ കൂടുതൽ പേരും ആശ്രയിച്ചിരുന്നത്. ഇപ്പോൾ ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ മെഡിക്കൽ ഓഫീസമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ബി.എൽ.ഒമാർ, ആശാ വർക്കർമാർ എന്നിവർക്കാണ് ചുമതല. സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
കടക്കണം ഓൺലൈൻ കടമ്പയും
ലേണിംഗ് ടെസ്റ്റ് ഓൺലൈൻ സംവിധാനത്തിൽ ആക്കിയതിനെ തുടർന്ന് നിരവധി പോരായ്മകൾ നിലനിൽക്കുന്നുണ്ട്. സെർവർ തകരാർ മൂലം ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്.