കാഞ്ഞങ്ങാട്: കൊവിഡ് പ്രോട്ടോക്കാൾ പാലിക്കാത്ത തട്ടുകടകൾ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ കളക്ടറുടെ ഉത്തരവ്. ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെയാണ് കളക്ടറുടെ കടുത്ത നിർദ്ദേശം. തട്ടുകടകളിൽ ഭക്ഷണം പാർസലായി നൽകണമെന്നും ഇരുത്തി കഴിപ്പിക്കരുത് എന്നുമായിരുന്നു നേരത്തെയുള്ള നിർദ്ദേശം. അതിനു വിരുദ്ധമായി പ്രവർത്തിച്ചു വരുന്ന തട്ടുകടകൾ പൊളിച്ചുനീക്കാനാണ് നിർദ്ദേശം.
ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ആരോഗ്യ വകുപ്പിനും കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന മാഷ് ടീമിനുമാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുള്ളത്. തട്ടുകടകളിലെ ജീവനക്കാർ കൈയുറയും മാസ്‌കും നിർബന്ധമായും ധരിച്ചിരിക്കണം. പതിനാല് ദിവസത്തിലൊരിക്കൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് കടയിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമായ സഹകരണം നൽകുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാർക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.