pk-krishnadas

കാസർകോട്: മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും കളങ്കിതരാണെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ കേരള നിയമസഭ പിരിച്ചു വിടുന്നതാണ് ഉചിതമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. പ്രതിപട്ടികയിൽ ഇടം നേടാൻ പോകുന്ന സ്പീക്കർ, അഴിമതി കേസിൽ പ്രതിചേർക്കപ്പെട്ട പ്രതിപക്ഷ നേതാവ്, ജയിൽവാസം ഉറപ്പാകാൻ പോകുന്ന മുഖ്യമന്ത്രി എന്നിവരാണ് കേരളത്തിലെ ഭരണഘടനാ സ്ഥാനങ്ങളിലുള്ളത്.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ സ്ഥിതിയുണ്ടായിട്ടില്ല. അതേസമയം 356-ാം വകുപ്പ് ഉപയോഗിച്ച് സർക്കാരിനെ പിരിച്ചുവിടുന്നതിനോട് ബി.ജെ.പിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ എം.എൽ.എമാരും മന്ത്രിമാരും വിദേശ യാത്ര നടത്താൻ പാടില്ലെന്ന് 2018 ൽ സ്പീക്കർ ബുള്ളറ്റിൻ ഇറക്കിയിരുന്നു. എന്നാൽ ആ ബുള്ളറ്റിൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ ലംഘിച്ചിരിക്കുന്നു. രണ്ടു വർഷം വ്യാപകമായ നിയമലംഘനമാണ് ഇവിടെ നടന്നത്. അഴിമതിപ്പണം വിദേശത്തേക്ക് കടത്തുന്ന റിവേഴ്സ് ഹവാലയും സ്വർണ്ണക്കള്ളക്കടത്തുമൊക്കെ ഉന്നതരുടെ അറിവോടെയാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്ന സുരേഷിനും കുടുംബത്തിനും നേരെ വധഭീഷണി ഉയർന്നത് ജയിലിൽ വെച്ചാണെന്നത് അതീവ ഗുരുതരമാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉയർത്തുന്ന ആരോപണങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ ശരിയെന്ന് തെളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ നൂറുകണക്കിന് ഗുണഭോക്താക്കൾ ഓരോ വാർഡിലുമുണ്ട്. അവരുടെ പിന്തുണ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ലഭിക്കും. കേരളത്തിൽ സേനാധിപൻ ഇല്ലാത്ത തിരഞ്ഞെടുപ്പാണ് സി.പി.എമ്മിനെന്നും കൃഷ്ണദാസ് പറഞ്ഞു.