പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന കഫ്‌ത്തേരിയയിൽ തീപിടുത്തം. അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. പാചകം ചെയ്യുമ്പോൾ ഗ്യാസ് സിലണ്ടറിൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു.
ഗ്യാസ് പൈപ്പിൽ നിന്നോ, റെഗുലേറ്ററിൽ നിന്നോ ഗ്യാസ് ചോർച്ച ഉണ്ടായതാണ് തീ ആളികത്താൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഏറെ സാഹസികമായി സിലിണ്ടറിലെ തീ അണച്ചു. തീ പിടിച്ച സിലണ്ടറിന് തൊട്ടടുത്ത് മറ്റൊരു സിലണ്ടറും കൂടി ഉണ്ടായിരുന്നെങ്കിലും തീ പടരാതെ സൂക്ഷിച്ചു. തൊട്ടടുത്ത് തന്നെ സ്‌കൂട്ടറുകളും ബൈക്കുകളുമടക്കം നിരവധി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.
വളരെ ഇടുങ്ങിയ ഒരു വഴി മാത്രമാണ് കെട്ടിടത്തിനുള്ളത്. ഇത് കാരണം തീ അണക്കാൻ അഗ്നിശമന വാഹനത്തിന് കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാനായില്ല. ഗ്യാസ് സിലണ്ടറും മറ്റും അലക്ഷ്യമായാണ് ഇവിടെ കൈകാര്യം ചെയ്തിരുന്നതെന്ന് പയ്യന്നൂർ അഗ്നിശമന നിലയം ഓഫീസർ പി.വി. പവിത്രൻ പറഞ്ഞു.