കാസർകോട്: ദേലംപാടി മല്ലംപാറയിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ 10 സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ആദൂർ പൊലീസ് കേസെടുത്തു. ദേലംപാടി പഞ്ചായത്തിലെ എട്ടാംവാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന സതീശൻ, പ്രവർത്തകൻ മല്ലംപാറയിലെ രതീഷ്(25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ രതീഷിനെ കഠാര കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കീറി നശിപ്പിക്കുന്നതിനെ ചൊല്ലി ദേലംപാടിയിൽ ഒരാഴ്ചയോളമായി സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. അക്രമത്തിൽ ബി.ജെ.പി പ്രവർത്തകനായ ജയരാജിന് പരിക്കേറ്റിരുന്നു. ചികിത്സയിലായിരുന്ന ജയരാജ് ജീപ്പിൽ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ മല്ലംപാറയിൽ വച്ച് സി.പി.എം പ്രവർത്തകർ വാഹനം തടഞ്ഞ് വീണ്ടും മർദ്ദിച്ചുവെന്നാണ് പറയുന്നത്. രതീഷിന്റെ പരാതിയിൽ സി.പി.എം പ്രവർത്തകരായ ശശി, ബാലകൃഷ്ണൻ, ഉനൈസ്, നാരായണൻ തുടങ്ങി പത്തുപേർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാവിലെ ആദൂർ എസ്.ഐ രത്നാകരൻ പെരുമ്പളയുടെ സാന്നിദ്ധ്യത്തിൽ ദേലംപാടി പഞ്ചായത്ത് ഓഫീസിൽ സമാധാനയോഗം ചേർന്നു.