
കണ്ണൂർ: കോർപ്പറേഷനിൽ ഇടതുപട്ടികയിലെ കരുത്തുറ്റ സ്ഥാനാർത്ഥികളിലൊരാളാണ് പൊടിക്കുണ്ട് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എൻ. സുകന്യ. ഓരോ ദിവസവും പ്രചാരണം ശക്തിപ്പെടുത്തുമ്പോൾ ജനങ്ങൾ തനിക്കൊപ്പമാണെന്ന് ഉറപ്പിച്ചു പറയുകയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറിയായ ഇവർ. കോർപ്പറേഷനിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടുകയാണെങ്കിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാദ്ധ്യതയാണ് അദ്ധ്യാപികയായും പത്രപ്രവർത്തകയായും മികച്ച സംഘാടകയായും പ്രവർത്തിച്ചുപരിചയമുള്ള സുകന്യയെ താരമാക്കുന്നതിന് പിന്നിൽ.
വീടുകൾ കയറിയുള്ള പ്രചാരണത്തിലാണ് സ്ഥാനാർത്ഥി ഇപ്പോൾ. പാർട്ടിക്കു വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ച മുതിർന്ന പല പഴയകാല പ്രവർത്തകരെ കാണാൻ സാധിക്കുന്നതും നിർദ്ദേശങ്ങൾ ലഭിക്കുന്നതും വലിയ കാര്യമാണെന്ന് സുകന്യ പറഞ്ഞു.
സുകന്യയുടെ പഠനകാലയളവിലെ സംഘടനാപ്രവർത്തനം കണ്ടവർ ആ ഊർജ്ജ്വസ്വലത അതെ അളവിൽ ഇപ്പോഴുമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കേരള സർവകലാശാലയുടെ പ്രഥമ വനിതാ ചെയർപേഴ്സൺ സ്ഥാനം വരെ വഹിച്ച സുകന്യയിൽ ഇന്നും വലിയ പ്രതീക്ഷയുണ്ടെന്നാണ് അഭ്യുദയകാംക്ഷികൾ പറഞ്ഞുവെക്കുന്നത്. എന്നാൽ കോളേജ് പഠനകാലത്ത് കൂടുതലും മറ്റുള്ളവർക്ക് വേണ്ടിയാണ് വോട്ടഭ്യർത്ഥിച്ചതെന്നാണ് സുകന്യയുടെ വാദം. തനിക്ക് വേണ്ടി വോട്ട് തേടി ഇറങ്ങുന്ന ഈ അനുഭവം വേറെ തന്നെയാണെന്നും അവർ പറയുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രചരണം അൽപ്പം പ്രയാസമാണ്. വീടുകളിൽ ചെല്ലുമ്പോൾ ആളുകൾ തങ്ങളെ ബോധവത്ക്കരിക്കുന്ന സ്ഥിതിയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയുടെ മികവാണ് ഇത് തെളിയിക്കുന്നതെന്നും സുകന്യ പറയുന്നു.'ഞാൻ വോട്ടും ചെയ്യും കഴിയുന്നവരോടൊക്കെ വോട്ട് ചെയ്യാൻ പറയുകയും ചെയ്യും'- .കഴിഞ്ഞ ദിവസം കഥാകൃത്ത് ടി. പത്മാനാഭനെ പൊടിക്കുണ്ടിലെ വീട്ടിൽ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ആവേശം നൽകുന്നതായിരുന്നുവെന്നും സ്ഥാനാർത്ഥി പറയുന്നു.
എൻ. നാരായണന്റെയും രാധാമണിയുടെയും മകളായ സുകന്യ ജെയിംസ് മാത്യു എം.എൽ.എയുടെ സഹധർമിണികൂടിയാണ്. സാന്ത്വന ജെയിംസ്, സന്ദീപ് ജെയിംസ് എന്നിവർ മക്കളാണ്. വിജയം സുനിനിശ്ചിതമാക്കി പ്രചരണം ശക്തിപ്പെടുത്തുകയാണ് സുകന്യയും പ്രവർത്തകരും.