story-photo

മയ്യിൽ: ജീവിതവഴി തെളിയിക്കാനായി അറുപത്തിയെട്ടാം വയസിലും കാടുവെട്ടു യന്ത്രവും പേറി ഉപജീവനം കണ്ടെത്തുകയാണ് നാറാത്ത് കണ്ണാടിപ്പറമ്പിലെ അന്നാമ്മ. എറണാകുളം കോതമംഗലം സ്വദേശി അന്നമ്മ കണ്ണാടിപ്പറമ്പിൽ എത്തിയിട്ട് വർഷം മുപ്പത്തിയെട്ട് കഴിഞ്ഞു. അന്നു മുതൽ ഇന്നുവരെ എടുക്കാത്ത ജോലികളില്ല. പുരുഷന്മാർ മാത്രം ചെയ്യുന്ന കല്ല് വെട്ട് മുതൽ തേപ്പ് പണി, വാർക്ക പണി, ഹോട്ടൽ പണി വരെ അന്നാമ്മയുടെ വിയർപ്പൂറ്റിയിട്ടുണ്ട്. വയസ് അറുപത്തിയെട്ടായെങ്കിലും മുഖത്ത് വാർദ്ധക്യത്തിന്റെ തളർച്ചയോ ക്ഷീണമോ ഇല്ല.

പക്ഷെ, മനസിൽ ഒരു ദു:ഖമുണ്ട്. തന്റെ പൊളിഞ്ഞ് വീഴാറായ വീടിനെ കുറിച്ച് തന്നെ. എ.പി.എൽ. കാർഡ് ബി.പി.എൽ ആകുന്നതോർത്തും ആവലാതിയുണ്ട്. 1990 ൽ കണ്ണാടിപ്പറമ്പ് ദിനേശ് ബീഡി കമ്പനിക്ക് സമീപം കണ്ണാടിപ്പറമ്പ് ക്രിസ്ത്യൻ പള്ളി വക കിട്ടിയതാണ് ഏഴേ മുക്കാൽ സെന്റ് വീടും സ്ഥലവും. തന്നെക്കാൾ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നവർ റേഷൻ കടയിൽ നിന്ന് അനർഹമായി കിലോ കണക്കിന് അരി വാങ്ങി പോകുമ്പോഴും അർഹതപ്പെട്ട തനിക്ക് കിട്ടാത്തതിൽ അന്നാമ്മ സങ്കടപ്പെട്ടിട്ടുണ്ട്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഈ കുടുംബത്തിന്റെ നിരവധി ആവശ്യങ്ങളുമായി അധികാരികളെ സമീപിച്ചപ്പോൾ അവരാരും ഈ പാവത്തിന്റെ വാക്കുകൾ ചെവികൊണ്ടില്ല.

എ.പി.എൽ. കാർഡ് ബി.പി.എൽ ആക്കാൻ അപേക്ഷയും നൽകി ആറു വർഷമായി കാത്തിരിക്കുകയാണ്. കാടുവെട്ടു യന്ത്രവുമായി ദിവസവും ആയിരം രൂപയുടെ തൊഴിൽ എടുക്കും അന്നാമ്മ. നാട്ടുകാരുടെ പ്രിയങ്കരിയായ അന്നാമ്മ ഏട്ടത്തി നല്ലൊരു കർഷക കൂടിയാണ്. വെണ്ടൊട് പാടത്തും മറ്റു സ്ഥലങ്ങളിൽ പാട്ടത്തിനെടുത്തും നെല്ല്, ചെമ്പ്, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നുമുണ്ട്. വെണ്ടൊട് പാട ശേഖരസമിതി അംഗം കൂടിയാണ് അന്നാമ്മ.