
വൻമുന്നേറ്റം പ്രതീക്ഷിച്ച് എൽ.ഡി.എഫ്
നില മെച്ചപ്പെടുമെന്നുറപ്പിച്ച് യു.ഡി.എഫ്
നിർണായകമുന്നേറ്റത്തിൽ പ്രതീക്ഷവച്ച് എൻ.ഡി.എ
കണ്ണൂർ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇത്തവണയും വൻമുന്നേറ്റം പ്രതീക്ഷിച്ച് ഇടതുമുന്നണിയും കൂടുതൽ പഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്താൻ കഴിയുമെന്ന കണക്കുകൂട്ടലിൽ യു.ഡി.എഫും നിർണായകസ്വാധീനമുറപ്പിച്ച് എൻ.ഡി.എയും പ്രചാരണം കൊഴുപ്പിക്കുന്നു.
വികസനമുന്നേറ്റം ചൂണ്ടിക്കാട്ടി ഇടതുമുന്നണി വോട്ട് ചോദിക്കുമ്പോൾ അഴിമതി തുറന്നു കാട്ടിയാണ് യു.ഡി.എഫിന്റെ അഭ്യർത്ഥന. കേരള കോൺഗ്രസ്– ജോസ് വിഭാഗവും എൽ.ജെ.ഡിയും ഇടതുമുന്നണിയുടെ ഭാഗമായതോടെ മുന്നണിയുടെ ബഹുജന അടിത്തറ വിപുലമായെന്ന് എൽ.ഡി.എഫ് കരുതുന്നു. ആകെ 1167 സീറ്റുകളാണ് പഞ്ചായത്തുകളിലുള്ളത്. ഇതിൽ 1157 സീറ്റുകളിലാണ് മത്സരം. 2015ലെ തിരഞ്ഞെടുപ്പിൽ 71 പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് 52 എണ്ണമാണ് ലഭിച്ചത്. എൽ.ജെ.ഡി. ചേർന്നതോടെ കൊളവല്ലൂർ പഞ്ചായത്തും ഇടതുപക്ഷത്തായി. പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ എൽ.ജെ.ഡിയുടെ തിരിച്ചുവരവിലൂടെ കൂടുതൽ സീറ്റ് നേടാൻ കഴിയുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.
18 പഞ്ചായത്തുകളാണ് യു.ഡി.എഫിനുള്ളത്. കേരള കോൺഗ്രസ്– എമ്മിന്റെ വരവോടെ മലയോര പഞ്ചായത്തുകളിൽ മിക്കതിലും യു.ഡി.എഫിന് പിടിച്ചുനിൽക്കാനാവില്ലെന്നാണ് ഇടതു കണക്കുകൂട്ടൽ. എന്നാൽ മലയോര മനസ്സ് തങ്ങൾക്കൊപ്പമാണെന്നു യു.ഡി.എഫ് വിലയിരുത്തുന്നു.
ഗ്രാമപഞ്ചായത്തുകളിൽ പത്ത് സീറ്റുകൾ തിരഞ്ഞെടുപ്പിനുമുന്നേ എൽ.ഡി.എഫ് നേടി. മലപ്പട്ടത്തെ അഞ്ചും കാങ്കോൽ– ആലപ്പടമ്പിലെ മൂന്നും ഏഴോം, കോട്ടയം പഞ്ചായത്തുകളിലെ ഓരോ സീറ്റുമാണ് എൽ.ഡി.എഫിന് എതിരില്ലാതെ ലഭിച്ചത്.
എന്നാൽ ഇത്തവണ ഈ പഞ്ചായത്തുകളിലെല്ലാം നില കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
2015 തിരഞ്ഞെടുപ്പ്
എൽ.ഡി.എഫ് പഞ്ചായത്തുകൾ
ചെറുതാഴം, ഏഴോം, ചെറുകുന്ന്, കണ്ണപുരം, കല്യാശേരി, നാറാത്ത്, പെരിങ്ങോം–-വയക്കര, എരമം-കുറ്റൂർ, കാങ്കോൽ–-ആലപ്പടമ്പ്, കരിവെള്ളൂർ–-പെരളം, കുഞ്ഞിമംഗലം, രാമന്തളി, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി–-പാണപ്പുഴ, മലപ്പട്ടം, മയ്യിൽ, പടിയൂർ–-കല്ല്യാട്, കുറ്റ്യാട്ടൂർ, ചിറക്കൽ, അഴീക്കോട്, പാപ്പിനിശേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശേരി, മുഴപ്പിലങ്ങാട്, വേങ്ങാട്, ധർമടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, അഞ്ചരക്കണ്ടി, ചിറ്റാരിപ്പറമ്പ്, പാട്യം, മാങ്ങാട്ടിടം, കോട്ടയം, ചൊക്ലി, പന്ന്യന്നൂർ, കുന്നോത്തുപറമ്പ, മൊകേരി, കതിരൂർ, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി, പായം, കേളകം, മുഴക്കുന്ന്, കോളയാട്, മാലൂർ, പേരാവൂർ
യു.ഡി.എഫ് പഞ്ചായത്തുകൾ
മാടായി, മാട്ടൂൽ, ഉദയഗിരി, ആലക്കോട്, നടുവിൽ, ചപ്പാരപ്പടവ്, ഇരിക്കൂർ, ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, വളപട്ടണം, കൊളച്ചേരി, തൃപ്പങ്ങോട്ടൂർ, ആറളം, അയ്യൻകുന്ന്, കണിച്ചാർ, കൊട്ടിയൂർ, ചെറുപുഴ
പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകൾ
കാങ്കോൽ - ആലപ്പടമ്പ്, ചെറുതാഴം, കണ്ണപുരം, കല്യാശേരി,കരിവെള്ളൂർ-പെരളം, മലപ്പട്ടം,ചിറ്റാരിപ്പറമ്പ്, പന്ന്യന്നൂർ, കതിരൂർ