hasan

കണ്ണൂർ: മുഖ്യമന്ത്രിക്ക് ജനങ്ങളോട് വോട്ടു ചോദിക്കാൻ ഭയമായതു കൊണ്ടാണ് പരസ്യ പ്രചാരണത്തിനിറങ്ങാത്തതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനം, സമുദായ മൈത്രി എന്നിവയുടെ പേര് പറഞ്ഞാണ് സി.പി.എം ഇപ്പോൾ വോട്ട് ചോദിക്കുന്നത്. ഇവരുടെ രണ്ടു പ്രചാരണങ്ങളും ശുദ്ധ തട്ടിപ്പാണെന്ന് ജനം തിരിച്ചറിഞ്ഞു. ഏത് വർഗീയപാർട്ടികളുടെയും വോട്ട് വാങ്ങുന്നതിന് സി.പി.എമ്മിന് ഒരു മടിയുമില്ല.

വികസന നേട്ടങ്ങൾ പറയാൻ ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി ജനങ്ങളുടെയിടയിലേക്ക് ഇറങ്ങില്ലേ. ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിക്കുന്ന മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊവിഡും കൊവിഡാനന്തര ചികിത്സയുമായി ഇ.ഡിയുടെ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുകയാണ് സി.എം. രവീന്ദ്രൻ . രവീന്ദ്രൻ പിടിയിലാകുന്നതോടെ സ്വർണക്കടത്ത്, അഴിമതി തുടങ്ങിയവയുടെ പ്രഭവ കേന്ദ്രം ഏതാണെന്ന് വ്യക്തമാകുമെന്നും ഹസ്സൻ പറഞ്ഞു. വെൽഫെയർ പാർട്ടി സഖ്യത്തെ കുറിച്ച് പറഞ്ഞതിൽ അവ്യക്തതയൊന്നുമില്ല. താനും ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും എല്ലാം പറഞ്ഞത് ഒന്നുതന്നെയാണ്. വെൽഫെയർ പാർട്ടിയുമായി യാതൊരു വിധ സഖ്യവുമില്ലെന്നും ഹസ്സൻ പറഞ്ഞു.