
കണ്ണൂർ: സംസ്ഥാനം ഭരിക്കുന്നത് മുഖം വികൃതമായ സർക്കാരാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. വികസനവും വിശ്വാസവും തകർത്തെറിഞ്ഞ സർക്കാരിന് ജനം വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിതുക പോലും നേരാം വണ്ണം വിനിയോഗിക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ തുക പോലും തിരിച്ചുപിടിക്കുകയാണ് സർക്കാർ ചെയ്തത്. ദുരന്തങ്ങളെ നേരിടുന്നതിലും ഈ സർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടാണ് കൊവിഡ് മരണ സംഖ്യ കൂടുന്നതെന്നും ജോൺ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ എ.കെ.ജി സെന്റർ വരെ കള്ളക്കടത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രങ്ങളായി മാറി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശം പോലും കശക്കിയെറിഞ്ഞവരാണ് ഇപ്പോൾ നാട് ഭരിക്കുന്നതെന്നും ജോൺ പറഞ്ഞു.