
തലശ്ശേരി: കണക്കുകൾ പിഴക്കില്ലെങ്കിൽ ഇത്തവണയും കതിരൂർ ഡിവിഷന് ചുവപ്പ് നിറം തന്നെയായിരിക്കും. ഇക്കാലമത്രയുമുള്ള രാഷ്ട്രീയ ചരിത്രം അതു ശരിവയ്ക്കുന്നതാണ്. എന്നാൽ, അപ്രതീക്ഷിത ആഘാതങ്ങൾ, രാഷ്ട്രീയ രംഗത്ത് അട്ടിമറി തീർക്കുന്ന വർത്തമാനകാലത്ത് പഴയ പാരമ്പര്യമെല്ലാം അതേപടി ആവർത്തിക്കപ്പെടണമെന്നില്ല.
ഉറച്ച വോട്ട് ബാങ്കായുള്ള മൊകേരി, കതിരൂർ പഞ്ചായത്തിലെ എല്ലാ പഞ്ചായത്ത് വാർഡുകളും പിണറായിലെ ഒൻപത് വാർഡുകളും പന്ന്യനൂരിലെ മൂന്ന് വാർഡുകളും ചേർന്നതാണ് കതിരൂർ ഡിവിഷൻ. ഇതിൽ പന്ന്യന്നൂരിൽ ഒന്നും മൊകേരിയിലെ രണ്ടും വാർഡുകൾ മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. കതിരൂരിലാവട്ടെ പ്രതിപക്ഷം തന്നെയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായജെ.ഡി.യുകൂടി ഇത്തവണ ഒന്നിച്ചുള്ളതിനാൽ എൽ.ഡി.എഫ് വർദ്ധിത ഭൂരിപക്ഷം കണക്ക് കൂട്ടുന്നു.
സംസ്ഥാന യുവ നേതൃനിരയിലെ ശ്രദ്ധേയനായ നേതാവും, കണ്ണൂർ സർവകലാശാലയുടെ മുൻ യൂണിയൻ ചെയർമാനുമായ എ. മുഹമ്മദ് അഫ്സലാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. സംഘടനാ രംഗത്തും, താത്വിക മേഖലകളിലും ഒരുപോലെ നേതൃശേഷി പ്രകടിപ്പിക്കുന്ന അഫ്സൽ എൽ.ഡി.എഫ്. കേമ്പുകളിൽ തുടക്കം മുതലേ ആവേശം വിതറുകയാണ്. അഫ്സലിന്റെ ഭാര്യ പി.പി.ശബ്നം പാനൂർ നഗരസഭയിലേക്കും മത്സരിക്കുന്നുണ്ട്.
സ്ഥാനാർത്ഥി പെരുമയിൽ യു.ഡി.എഫിനും അഭിമാനിക്കാൻ വകയുണ്ട്. പി.എസ്.ടി.എ.സംസ്ഥാന വൈന്ന് പ്രസിഡന്റും ഒ. ചന്തുമേനോൻ സ്മാരക ട്രസ്റ്റ് ചെയർമാനും പ്രശസ്ത നാടകനടനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ ഹരിദാസ് മൊകേരിയാണ് യു.ഡി.എഫിന് വേണ്ടി രംഗത്തുള്ളത്. ഡി.സി.സി ജനറൽ സെക്രട്ടറിയായ ഹരിദാസ്, മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും ആകാശവാണി ആർട്ടിസ്റ്റുമാണ്. മികച്ച വാഗ്മിയും, രാഷ്ട്രീയേതര ബന്ധങ്ങൾക്കുടമയുമാണ്. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾക്കുമപ്പുറം മാൻഡേറ്റ് നേടാൻ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് സാധിക്കുമെന്ന് യു.സി.എഫ്. കണക്കുകൂട്ടുന്നു.
പൊയിലൂർ സ്വദേശിയായ എ. സജീവൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗമായ എ. സജീവൻ, ഡോക്യുമെന്റ് റൈറ്റേർസ് സംഘടനയുടെ സംസ്ഥാന സമിതിയംഗം, പൊയിലൂർ ദേവി ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. മുൻപ് പെരിങ്ങളം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ടി.ടി. റംല 18,948 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഡിവിഷനാണിത്. 7089 വോട്ടുകൾ കഴിഞ്ഞ തവണ ബി.ജെ.പി. നേടിയിരുന്നു. രാഷ്ട്രീയ സമവാക്യങ്ങൾക്ക് പിഴവ് പറ്റുന്നില്ലെങ്കിൽ ഇവിടെ മറിച്ചൊരു വിധിയെഴുത്ത് അസംഭവ്യമാണ്.