
കാസർകോട്: കേരളത്തിൽ ഇനി യു.ഡി.എഫിന്റെ കാലമാണെന്നും മൊത്തത്തിൽ അനുകൂലമായ കാലാവസ്ഥയാണെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. കാസർകോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ഭരണം അഞ്ചു വർഷം പൂർത്തിയാകുമ്പോൾ നേട്ടങ്ങളുടെ പട്ടിക നിരത്തുന്നതിന് പകരം കോട്ടങ്ങൾക്ക് മറുപടി പറയാൻ സമയം ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. അഞ്ചു വർഷം മുമ്പുള്ള അന്വേഷണം നടത്തി ഒഴിവാക്കിയ സംഭവങ്ങൾ കുത്തിപ്പൊക്കി യു.ഡി.എഫിനെതിരെ പ്രയോഗിക്കാനാണ് ഇടതുമുന്നണി ഇപ്പോൾ ശ്രമിക്കുന്നത്.
ആരോപണവിധേയരായ സി.പി.എമ്മിന്റെ നിരവധി എം.എൽ.എമാർക്കെതിരെ നടപടി എടുക്കാതെ യു.ഡി.എഫ് എം.എൽ.എമാരെ കസ്റ്റഡിയിൽ എടുത്തും അറസ്റ്റ് ചെയ്തും പീഡിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
കേരളത്തിൽ വികസന കാര്യത്തിൽ ദീർഘവീക്ഷണത്തോടെയുള്ള സമീപനം സ്വീകരിച്ചത് യു.ഡി.എഫാണ്. കാസർകോട് ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിർത്തുന്നതിലും കൂടുതൽ പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്നതിലും ഒരു ആശങ്കയും പാർട്ടിക്ക് ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം വിവാദവിഷയങ്ങളായ പല ചോദ്യങ്ങളിൽ നിന്നും നിരവധിതവണ ചർച്ച ചെയ്ത കാര്യങ്ങൾ എന്നുപറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.