mukundan

മാഹി: മയ്യഴിയുടെ കഥാകാരൻ മയ്യഴിപ്പുഴയുടെ തീരത്തുള്ള വീട് വിട്ട് നാലുകിലോമീറ്റർ അകലെ പള്ളൂരിൽ പുതുതായി നിർമ്മിച്ച വീട്ടിലേക്ക് മാറി. പഴയ വീട്ടുമതിൽ വാഹനം ഇടിച്ച് തകരുന്ന് പതിവായതിനെ തുടർന്നാണ് എം. മുകുന്ദൻ പള്ളൂരിൽ വീട് പണിതത്..

ഇന്നലെ രാവിലെ 9.30നായിരുന്നു പാലുകാച്ച്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനാൽ ഉറ്റബന്ധുക്കൾ മാത്രം പങ്കെടുത്തു. മൂത്ത ജേഷ്ഠനും പ്രമുഖകഥാകാരനുമായ എം.രാഘവൻ ദേഹാസ്വാസ്ഥ്യം മൂലം എത്തിയില്ല. ഗൃഹപ്രവേശം അടുത്ത സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.

"ഇതെന്റെ പന്ത്രണ്ടാമത്തെ കൂടുമാറ്റമാണ്. മഹാനഗരങ്ങളിൽ നിന്ന് പള്ളൂരിലെ തനി ഗ്രാമീണതയിലേക്കുള്ള വാസം - മുകുന്ദൻ പറഞ്ഞു.
പഴയ വീടിന്റെ 'മണിയമ്പത്ത്' എന്ന പേര് തന്നെയാണ് പുതിയ വീടിനും നൽകിയത്. മയ്യഴിയിൽ മുകുന്ദൻ ജനിച്ചു വളർന്ന തറവാട് വീടിനോട് ചേർന്ന് കാൽ നൂറ്റാണ്ട് മുമ്പ് പണിത വീട് വിട്ടിലായിരുന്നു താമസം. സെമിത്തേരി റോഡിനും ഭാരതീയാർ റോഡിനും ഇടയിലെ വളവിലാണ് ഈ വീട്. മാഹി പള്ളിയിൽ പെരുന്നാൾ തുടങ്ങിയാൽ മൂന്നാഴ്ച ഇതുവഴിയാണ് എല്ലാ വാഹനങ്ങളും പോകുന്നത്.എട്ടുതവണ വീടിന്റെ മതിലിൽ വലിയ വാഹനങ്ങളിടിച്ചു. ഒരു തവണ വീട്ടുമുറ്റത്ത് കിടന്ന കാറ് തകർന്നു. അതോടെ മതിയായി.

എം.മുകുന്ദന്റെ പ്രസിദ്ധീകരിച്ച ആദ്യകഥയുടെ പേരും വീട് എന്നാണ്. സ്വന്തമായി ഒരു വീടു വയ്‌ക്കാനുള്ള ഒരു മനുഷ്യന്റെ ഉൽക്കടമായ ആഗ്രഹമാണ് ഈ കഥയിൽ .ഡൽഹിയിൽ ഒരു വാടക വീടെങ്കിലും കിട്ടാനുള്ള തത്രപ്പാടിൽ നിന്നാണ് കഥ പിറന്നത്.

രണ്ടുലക്ഷം കോപ്പി വിറ്റ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'

ഉൾപ്പെടെ 48 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മയ്യഴി നോവൽ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ വായിച്ച് അഭിനന്ദിച്ചിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രിയായിരുന്ന ഡൊമനിക് ദ് വിൽപേനും കൃതി വായിച്ച് നേരിട്ട് അഭിനന്ദിച്ചിരുന്നു.