
പെൺ കൂട്ടായ്മ
കാസർകോട്:ചന്ദ്രപുരം ഗ്രാമത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നശിച്ച് മണ്ണടിഞ്ഞ അന്നപൂർണേശ്വരി ക്ഷേത്രം പുനരുദ്ധരിക്കാൻ വനിതകളുടെ ആവേശക്കൂട്ടം. ക്ഷേത്ര സംരക്ഷണസമിതി രജിസ്റ്റർ ചെയ്ത പെൺകൂട്ടായ്മ സെന്റിന് ഒരു ലക്ഷം രൂപ വിലയുള്ള 28 സെന്റ് ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപ അഡ്വാൻസും നൽകി. സ്വന്തം കാശും നാട്ടുകാരിൽ നിന്ന് സമാഹരിച്ച തുകയും ചേർത്താണിത്. കർണാടകത്തിലെ ധർമ്മസ്ഥല ധർമ്മാധികാരി പത്മഭൂഷൺ വീരേന്ദ്രഹെഗ്ഡെയെ പോയി കണ്ട് സഹായവും ഉറപ്പാക്കി.
ഉദുമയ്ക്കടുത്തുള്ള ചന്ദ്രപുരം ഗ്രാമത്തിന് ദേവീ ക്ഷേത്രത്തെ പറ്റി കേട്ടുകേൾവി മാത്രമാണുള്ളത്. ക്ഷേത്രം ഇല്ലാത്തതിന്റെ ഐശ്യര്യക്കുറവ് മാറ്റാൻ ദേവിയെ നിത്യവും പൂജിക്കണമെന്നാണ് സ്ത്രീപക്ഷം.
സ്ത്രീകൾ അമ്പലം പണിയാൻ ഇറങ്ങിയപ്പോൾ ചില്ലറ എതിർപ്പുയർന്നു. തന്ത്രി കെ.യു. ദാമോദര തന്ത്രിയും ജ്യോതിഷിയും നാട്ടിലെ കാരണവരും അനുഗ്രഹം നൽകിയതോടെ എതിർപ്പെല്ലാം മാറി. പലരും സഹായവുമായി വന്നുതുടങ്ങി.
മലപ്പച്ചേരിയിലെ അനാഥാലയത്തിൽ കൂട്ടത്തോടെ പോയി അന്നദാനം നടത്തിയ ശേഷമാണ് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. അന്നപൂർണേശ്വരി, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകൾക്ക് ശ്രീകോവിലിന്റെ രൂപരേഖ തയ്യാറാക്കി. വിജയലക്ഷ്മി കടമ്പാർ ആണ് സമിതി പ്രസിഡന്റ്. ടി ജ്യോത്സ്ന സെക്രട്ടറിയും കെ. ലക്ഷ്മി ട്രഷററും. 32 അംഗ പെൺസമിതിയിൽ യുവതികൾ മുതൽ 76 വയസുള്ളവർ വരെയുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ഭജനസംഘവും നിലവിൽ വന്നു.
ഫേസ്ബുക്ക് വാട്സ്ആപ് ഗ്രൂപ്പുകളുമായി സാമ്പത്തിക സമാഹരണവുമായി മുന്നോട്ടു പോവുകയാണ് പെൺകൂട്ടായ്മ.
ഐതീഹ്യം
ബേക്കൽ കോട്ട സ്ഥാപിച്ച ശിവപ്പ നായക ചന്ദ്രപുരത്ത് കോട്ട പണിയാനെത്തിയെന്നും ദേവീകോപം കാരണം കോട്ട നിർമ്മാണത്തിന് കൊണ്ടുവന്ന കല്ലും മണ്ണും സമീപവാസികൾക്ക് നൽകി ചന്ദ്രപുരത്തിന് 'അന്നപൂർണ്ണേശ്വരി' എന്ന പേരും നൽകി പിൻവാങ്ങിയെന്നുമാണ് ഐതീഹ്യം. കർണാടകയിലെ ഷിമോഗയിൽ ചന്ദ്രഗുത്തി എന്ന കോട്ടയും അന്നപൂർണേശ്വരിയായ രേണുകാംബയുടെ ക്ഷേത്രവുമുണ്ട്.
40 വർഷം മുമ്പ് ഉണ്ടായ കമ്മിറ്റി നിർജ്ജീവമായതിനെ തുടർന്നാണ് സ്ത്രീകൾ മുന്നിട്ടിറങ്ങിയത്. നാട്ടുകാരും വിദേശ മലയാളികളും ഉൾപ്പെടെ സഹായിക്കും എന്നാണ് പ്രതീക്ഷ.
വിജയലക്ഷ്മി കടമ്പാർ
പ്രസിഡന്റ്, ക്ഷേത്ര സംരക്ഷണ സമിതി