
തലശ്ശേരി: സർക്കാരിനെതിരെ ആരോപണങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണ കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയാണ് കേന്ദ്ര സർക്കാരിന് കത്തയച്ചത്. ഇപ്പോൾ അവരെ കുറ്റപ്പെടുത്തുകയാണ് സർക്കാർ. ഇത്രയേറെ കൊള്ളരുതാത്ത സർക്കാർ ചരിത്രത്തിലുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും കോടിയേരിയുടെ മകനും ജയിലിലാണ്. ഇവർ രണ്ടു പേരും പുണ്യ പ്രവൃത്തി ചെയ്തിട്ടല്ല ജയിലിൽ പോയത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. ബി.ജെ.പി കാർഷിക മേഖലയെ തീറെഴുതി കൊടുത്തിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഒരുമിച്ചു മുന്നോട്ടുപോകണമെന്നും ചെന്നിത്തല പറഞ്ഞു.
അഡ്വ. സി.ടി സജിത്ത് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, നേതാക്കളായ വി.എ. നാരായണൻ, എ.കെ. ലത്തീഫ്, പി.വി. സൈനുദ്ദീൻ, സജീവ് മാറോളി, സി. പ്രസാദ്, എം.പി. അരവിന്ദാക്ഷൻ, എൻ. മഹമൂദ്, കെ.രാധാകൃഷ്ണൻ സംബന്ധിച്ചു.