
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുവലതു മുന്നണികൾ ബലാബലത്തിൽ. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെയും ലോക് താന്ത്രിക് ജനതാദളിന്റെയും മുന്നണിപ്രവേശം കരുത്തുകൂട്ടിയെന്ന വിലയിരുത്തലിൽ, കഴിഞ്ഞ തവണ പിടിച്ചെടുത്ത നഗരഭരണം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് പ്രചാരണസമാപനദിനത്തിൽ എൽ.ഡി.എഫ്.
കണിയാംകുളം അടക്കം ചില വാർഡുകളിൽ കൃസ്ത്യൻ വോട്ടുകൾ നിർണായകമാണ്. അതുകൊണ്ടുതന്നെ കണിയാംകുളം കേരള കോൺഗ്രസിന് എൽ.ഡി.എഫ് നൽകിയിട്ടുമുണ്ട്. പടന്നക്കാട് മേഖലയിലും ചില വാർഡുകളിൽ കൃസ്ത്യൻ വോട്ടുകൾ നിർണായകമാണ്. മുസ്ലീം ലീഗ് 16 വാർഡുകളിൽ പതിമൂന്നിടത്തും പുതുമുഖങ്ങളെ ഇറക്കിയാണ് കഴിഞ്ഞതവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാൻ രംഗത്തുള്ളത്. കഴിഞ്ഞ ഭരണസമിതിയിലെ ടി.കെ സുമയ്യ മാത്രമാണ് ഇക്കുറി മത്സരിക്കുന്നത്. എന്നാൽ കൂട്ടത്തിൽ കുറച്ചുപേർ മുൻകാലങ്ങളിൽ കൗൺസിലർമാരായവരാണ്. എൽ.ഡി.എഫിൽ 13 സി.പി.എം സ്വതന്ത്രന്മാരും രണ്ട് എൽ.ഡി.എഫ് സ്വതന്ത്രന്മാരുമാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ 19 പേർ മത്സരിക്കുന്നുണ്ട്. ഐ.എൻ.എൽ 6 സീറ്റിലും സി.പി.ഐ, എൽ.ജെ.ഡി, കേരള കോൺഗ്രസ്-എം എന്നീ പാർട്ടികൾ ഓരോ സ്ഥാനാർത്ഥികളെയുമാണ് മത്സരിപ്പിക്കുന്നത്.
എട്ടുവാർഡുകൾ നിർണായകം
2015 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എട്ട് വാർഡുകളിൽ 50 വോട്ടിൽ താഴെയായിരുന്നു ഭൂരിപക്ഷം. കുശാൽ നഗർ, പട്ടാക്കൽ, മുറിയനാവി, ആറങ്ങാടി, പടന്നക്കാട്, നിലാങ്കര, മധുരങ്കൈ, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളാണിവ. ഇതിൽ നാല് വാർഡുകളിൽ യു.ഡി.എഫും നാല് വാർഡുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചിരുന്നത്. 2015ൽ സന്തോഷ് കുശാൽ നഗർ വിജയിച്ചത് ടോസിട്ടായിരുന്നു. പട്ടാക്കൽ വാർഡിൽ നിന്ന് യു.ഡി.എഫിന്റെ ഹസൈനാർ കല്ലൂരാവിയാണ് ഏറ്റവും ചെറിയ വോട്ടിന് ജയിച്ചത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ ആറങ്ങാടിയിലും ബാവ നഗറിലും റിബലുകളുണ്ട്. ആറങ്ങാടിയിൽ ലീഗിന്റെ സ്ഥാനാർത്ഥിക്കെതിരെ ലീഗ് നേതാവും ബാങ്ക് ഡയറക്ടുമായ കെ.കെ. ഇസ്മയിലാണ് റിബൽ. ബാവ നഗറിൽ ലീഗ് മണ്ഡലം നേതാവ് എം. ഇബ്രാഹിമും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.