കണ്ണൂർ: ആന്തൂർ മുൻസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പ് നീതിപൂർവ്വമാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് ആന്തൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എൻ ആന്തൂരാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 19 വാർഡുകളിലെയും ബൂത്തുകളിൽ സി.സി ടി.വി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് യു.ഡി.എഫ് കത്ത് നൽകിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും മതിയായ പൊലീസ് സന്നാഹം ഉണ്ടായിരിക്കണം.
ഒരേ സമയം മൂന്ന് പേരെ മാത്രമേ ബൂത്തിൽ കയറ്റാൻ പാടുള്ളൂവെന്ന നിർദ്ദേശം പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് പ്രകടന പത്രികയും പ്രകാശനം ചെയ്തു. ആന്തൂരിലെ ഭനവരഹിതർക്കെല്ലാം വീട് നിർമ്മിച്ച് നൽകും, കുടിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കും, പട്ടികജാതി വിഭാഗത്തിൽപെട്ടവരും ബി.പി.എൽ കുടുംബത്തിൽപെട്ടവരുമായ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകും, പറശ്ശിനിക്കടവിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മുൻസിപ്പാലിറ്റി അതിർത്തിയിലുള്ള ചെറുപ്പക്കാർക്ക് തൊഴിലവസരം തുടങ്ങിയവയാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. വാർത്താ സമ്മേളനത്തിൽ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ടി. മനോജ്, കെ.എം ഷൈജു, ഷൈജു ആന്തൂർ എന്നിവരും സംബന്ധിച്ചു.