election

തളിപ്പറമ്പ്: ബൈപാസ് വിവാദവുമായി ബന്ധപ്പെട്ട് സമരത്തിന് നേതൃത്വം നൽകിയ വയൽക്കിളികൾ കീഴാറ്റൂർ വാർഡ് പിടിക്കാനുള്ള കഠിനപ്രയത്നത്തിൽ. നഗരസഭയിൽ സി.പി.എമ്മിന് ഏറെ ആധിപത്യമുള്ള ഇവിടെ കഴിഞ്ഞ തവണ 436 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.

ബൈപ്പാസിനെതിരെ പ്രദേശത്തെ ഒരു വിഭാഗം കർഷക കൂട്ടായ്മയിലൂടെ വയൽക്കിളി എന്ന സംഘടന രൂപീകരിച്ച് വയൽ നഷ്ടപ്പെടുന്നതിനെതിരെ സമരം നടത്തി ദേശീയ ശ്രദ്ധ നേടിയിരുന്നു. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതയാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽ.ഡി.എഫിനെതിരെ മത്സരിക്കുന്നത്. ഇവർക്ക് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

സി.പി.എമ്മിനെതിരെ വയൽക്കിളികൾ കള്ളവോട്ട് ആരോപണവും ഉയർത്തിയിട്ടുണ്ട്. നൂറിൽ കൂടുതൽ കള്ളവോട്ടുകൾ ചെയ്യാൻ സാദ്ധ്യത ഉണ്ടെന്നാണ് ആരോപണം. പ്രശ്ന ബാധിത പ്രദേശമാണെന്ന് അറിഞ്ഞിട്ടും പൊലീസും സ്‌പെഷൽ ബ്രാഞ്ചും മൗനം പാലിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനും കളക്ടർക്കും പരാതി നൽകിയിട്ടും ഇടപെടലുണ്ടായിട്ടില്ലെന്നും സുരേഷ് കീഴാറ്റൂർ ആരോപിക്കുന്നു.

ഇക്കുറി 726 വോട്ടർമാരാണ് വാർഡിലുള്ളത്. വത്സലയാണ് സി.പി.എം സ്ഥാനാർത്ഥി. തളിപ്പറമ്പ ടൗൺ വനിതാ സൊസൈറ്റി യിലെ കലക്ഷൻ ഏജന്റാണ് ഇവർ. മറ്റു പാർട്ടികളൊന്നും ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.