collector-sp
തിരഞ്ഞെടുപ്പ് ജാഗ്രതയെ കുറിച്ച് ചർച്ച നടത്തുന്ന കാസർകോട് ജില്ലാ കളക്ടർ ഡോ,ഡി സജിത്ത് ബാബുവും പൊലീസ് മേധാവി ഡി.ശിൽപയും

കാസർകോട്:ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരിയായ ജില്ലാകളക്ടർ

ഡോ.ഡി. സജിത് ബാബുവും ജില്ല പൊലീസ് മേധാവി ഡി. ശിൽപയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. പോളിംഗ് സമാധാനപൂർണമായ അന്തരീക്ഷത്തിൽ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഇരുവരും അറിയിച്ചു.

ബാലറ്റ് യൂണിറ്റുകൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ ക്രമത്തിലാണ് ക്രമീകരിക്കുന്നത്. പോളിംഗിനായി 122 സിംഗിൾ പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും 1287 മൾട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും ആവശ്യമാണ്. തിരഞ്ഞെടുപ്പിന് ആവശ്യമായ മുഴുവൻ മെഷിനുകളും 20 ശതമാനം അധികം ഉൾപ്പെടെ റിട്ടേണിംഗ് ഓഫീസർമാർക്ക് വിതരണം ചെയ്തിട്ടുണ്ട്.

ജില്ലയിൽ ആകെ 10,48,566 വോട്ടർമാരാണുള്ളത്. കൂടാതെ പ്രവാസി വോട്ടർമാരായി 79 പേരുമുണ്ട്. തിരഞ്ഞെടുപ്പിനായി 1409 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. 2648 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

എട്ടിടത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം
127 പ്രശ്‌നബാധിത ബൂത്തുകളും എട്ട് മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും കൂടാതെ ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ല പൊലീസ് മേധാവിയും പരിശോധനയിൽ കണ്ടെത്തിയ 23 ബൂത്തുകളുമുണ്ട്. ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് , വീഡിയോഗ്രഫി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 99 ബൂത്തുകളിലും കാമറകൾ ഏർപ്പെടുത്തും. സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടത് പ്രകാരം 134 ബൂത്തുകളിൽ സംയുക്ത പരിശോധനയിൽ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി അകെ ജില്ലയിൽ 256 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും.

38 ഗ്രാമപഞ്ചായത്തുകൾ

664 വാർഡുകൾ

1991 സ്ഥാനാർത്ഥികൾ

6 ബ്ലോക്ക് പഞ്ചായത്തുകൾ

83 ഡിവിഷൻ

263 സ്ഥാനാർത്ഥികൾ

3 നഗരസഭകൾ

113 വാർഡുകൾ

329 സ്ഥാനാർത്ഥികൾ

ജില്ലാപഞ്ചായത്ത്

17 ഡിവിഷൻ

65 സ്ഥാനാർത്ഥികൾ