elope

കാസർകോട്: ഭർത്താവിനെയും കുട്ടിയെയും വിട്ട് ഒളിച്ചോടിയ കണ്ണൂർ മാലൂർ പഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കാമുകനെ വിവാഹം ചെയ്‌തു. കാസർകോട് ബേഡകം പൊലീസിൽ ഹാജരായ ശേഷമാണ് യുവതി കാമുകനൊപ്പം പോയത്. ഗൾഫിൽ നിന്നെത്തിയ കാമുകനോടൊപ്പം യുവതി മുങ്ങിയത് പ്രവർത്തകരെ അങ്കലാപ്പിലാക്കിയിരുന്നു.

ഇവരുടെ ഭർത്താവ് പഞ്ചായത്തിലെ മറ്റൊരു വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ്.

നാല് ദിവസം മുമ്പ് രാത്രിയാണ് ബേഡഡുക്ക അരിച്ചെപ്പ് സ്വദേശിക്കൊപ്പം യുവതി കാസർകോട്ടേക്ക് മുങ്ങിയത്. ഇയാളുടെ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്. ഇരുവരും പൊലീസിൽ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരാകുകയായിരുന്നു. ഇതിനിടെ യുവതിയെ തിരിച്ച് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകനെ വിട്ട് വരില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇവർ.

സ്ഥാനാർത്ഥി കാമുകനൊപ്പം പോയതോടെ വാർഡിൽ ബി.ജെ.പിയുടെ പ്രചാരണവും അവസാനിച്ചു. യുവതിയുടെ പിതാവിന്റെ പരാതിയിൽ പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് ബേഡകം പൊലീസിൽ ഇവർ ഹാജരായത്.