
ഗവർണർക്ക് കത്ത് നൽകി
കണ്ണൂർ: നിയമസഭയിലെ അഴിമതിയും ധൂർത്തും നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് വസ്തുതകൾ പുറത്തു കൊണ്ടു വന്നത്. മറുപടി നൽകിയ സ്പീക്കർക്ക് അവയൊന്നും നിഷേധിക്കാൻ കഴിഞ്ഞില്ല. താൻ ഉന്നയിച്ച വസ്തുതകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് സംസാരിച്ചത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ശരിയാണോയെന്ന് സ്പീക്കർ ചോദിക്കുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പറഞ്ഞത്.
ഉന്നതമായ ആ പദവി നൽകുന്ന പരിരക്ഷ ഉപയോഗിച്ച് പൊതുജനങ്ങളുടെ നികുതിപ്പണം യാതൊരു തത്വദീക്ഷയുമില്ലാതെ ധൂർത്തടിക്കുകയും കൊള്ളയടിക്കുകയും ചെയ്യുമ്പോൾ കണ്ണടച്ച് നോക്കി നിൽക്കാൻ തന്റെ നീതി ബോധം അനുവദിക്കുന്നില്ല. ഒന്നിലേറെ തവണ അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതായി സ്പീക്കർ അവകാശപ്പെടുന്നു. കേരള നിയമസഭയ്ക്ക് പ്രശംസ ലഭിക്കുന്നതിൽ സന്തോഷമേയുള്ളൂ. പുരസ്‌കാരങ്ങൾ നേരത്തെയും കിട്ടിയിട്ടുണ്ട്. ആ മാതൃകാ സ്ഥാപനത്തെ മലിനപ്പെടുത്തിയെന്നതാണ് തന്റെ പരാതി. ഊരാളുങ്കലിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതായി സ്പീക്കറും സമ്മതിക്കുന്നു. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് പലിശ വാങ്ങിയാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത്. ശ്രീരാമകൃഷ്ണൻ പലിശ വാങ്ങാതെയും നൽകി. ഇബ്രാഹിംകുഞ്ഞ് ചെയ്യുമ്പോൾ അത് കുറ്റമാവുകയും, ശ്രീരാമകൃഷ്ണൻ ചെയ്യുമ്പോൾ കുറ്റമല്ലാതാവുകയും ചെയ്യുന്നതെങ്ങനെ?- ചെന്നിത്തല ചോദിച്ചു.