പിലിക്കോട്: കാർഷിക ഗവേഷണ കേന്ദ്രത്തിന് ഭംഗി പകരാൻ മിയാവാക്കി വനവും ഗൃഹവനവും. കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ടി.എസ് തിരുമുമ്പിന്റെ ഭവനത്തോടനുബന്ധിച്ച് കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി നടപ്പിലാക്കാൻ പോകുന്ന കാർഷിക സംസ്കൃതി പഠന കേന്ദ്രത്തോട് ചേർന്നാണ് 25 സെന്റ് സ്ഥലത്ത് മിയാവാക്കി വനവും ഗൃഹവനവും നിർമ്മിക്കുന്നത്.
പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരത്തിന്റെ സഹകരണത്തോടെയാണ് കാർഷിക ഗവേഷണ കേന്ദ്രം ക്യാമ്പസിൽ അറുന്നൂറോളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നത്. ജീവനം, ഗൃഹവനം പദ്ധതിയിലൂടെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ലക്ഷക്കണക്കിന് മരത്തൈകളാണ് ദിവാകരൻ തന്റെ നഴ്സറിയിൽ നിന്ന് സൗജന്യമായി നൽകിയത്. ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി.
കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഒഫ് റിസർച്ച് ഡോ. ടി. വനജ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ, ഡോ. മീര മഞ്ജുഷ എ.വി, അസി. പ്രൊഫസർ എസ്. അനുപമ, ഫാം മാനേജർ പി. അജിത്കുമാർ, പി.വി. ദിവാകരൻ, ഫാം സൂപ്രണ്ട് പി.പി മുരളീധരൻ പ്രസംഗിച്ചു
അതിവേഗത്തിലൊരു വനം
പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രൊഫ. അക്കിര മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമ്മാണ മാതൃകയാണിത്. കാലാവസ്ഥാ വ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണ് വിലയിരുത്തൽ.
മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം – ഇതാണ് മിയാവാക്കിയുടെ മാസ്മരികത. ഒരു ചതുരശ്ര മീറ്ററിൽ അഞ്ചടി ആഴത്തിൽ നാലു വീതം കുഴിയെടുത്ത് ചാണകവും ചകിരിച്ചോറും ഇട്ട് വൃക്ഷങ്ങളും ഔഷധസസ്യങ്ങളും കുറ്റിച്ചെടികളുമടക്കം അറുന്നൂറിലധികം മരങ്ങളാണ് ആദ്യഘട്ടത്തിൽ മാത്രം നട്ടത്.