പയ്യന്നൂർ: അന്നൂരിൽ റോഡരികിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാടിയോട്ട്ചാൽ വങ്ങാട് സ്വദേശിയും ലോഡിംഗ് തൊഴിലാളിയുമായ ടി.കെ. രഞ്ജിത്തിനെ (30)​യാണ് എസ്.ഐ. സർഫുദ്ദീൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 18ന് രാവിലെ അന്നൂർ കാറമേൽ പീപ്പിൾസ് ക്ലബ്ബിന് സമീപത്തെ റോഡരികിൽ ഒരു ബാഗിനുള്ളിലാണ് തോക്കും തിരകളും കണ്ടെത്തിയത്.

ഫോറൻസിക് വിദഗ്‌ധരുടെ പരിശോധനയിൽ ഒരു വെടി മാത്രം പൊട്ടിച്ച 12 ബോറിന്റെ പുതിയ നാടൻ പിസ്റ്റളാണിതെന്നും ലോഡുചെയ്ത നിലയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. തോക്കിനോടൊപ്പം 12 തിരകളും ഉണ്ടായിരുന്നു. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് നീങ്ങിയ പൊലീസിന്റെ അന്വേഷണം പ്രതികളിലേക്കെത്തിയ ഘട്ടത്തിൽ രഞ്ജിത്തും കൂട്ടുപ്രതിയും മുങ്ങുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് ഊർജിത ശ്രമം ആരംഭിച്ചതോടെ രഞ്ജിത്ത് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശ പ്രകാരം കേസ് ഫയലുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പൊലീസിന് മുന്നിലെത്തിയത്. കൂട്ടുപ്രതിയായ തളിപ്പറമ്പ് സ്വദേശി ഇപ്പോഴും ഒളിവിലാണുള്ളത്.