മാഹി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരാൻ മാഹി കടലോരത്ത് ഒരു മണ്ണെണ്ണ ബങ്ക് സ്ഥാപിക്കുന്നു. ബങ്ക് സ്ഥാപിക്കാനുള്ള സ്ഥലം മാഹി കടലോരത്ത് റവന്യൂ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തുകയും, അത് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന് മാസങ്ങൾക്കു മുമ്പേ തന്നെ കൈമാറുകയും ചെയ്തിരുന്നു.
ഭാരത് പെട്രോളിയം അധികൃതർ സ്ഥലം സന്ദർശിച്ച് ബങ്ക് സ്ഥാപിക്കാനുള്ള അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള പോണ്ടിച്ചേരി സ്റ്റേറ്റ് ഫിഷർ മെൻ കോ ഓപറേറ്റീവ് ഫെഡറേഷനാണ് ബങ്ക് നടത്താനുള്ള ചുമതല. ഫിഷറീസ് വകുപ്പ് സ്ഥലം ഫെഡറേഷന് ഏല്പിക്കേണ്ട വകുപ്പുതല നടപടി നിർദ്ദിഷ്ട സ്ഥലത്ത് വെച്ചു നടന്നു.
മാഹി എം.എൽ.എ. ഡോ: വി.രാമചന്ദ്രൻ , പുതുച്ചേരി സംസ്ഥാന ഫിഷർ മെൻ കോ-ഓപ്പറേറ്റിവ് ഫെഡറേഷൻ സെക്രട്ടറി ഗോവിന്ദസാമി, ഫിഷറിസ് അസി: ഡയറക്ടർ ഷാജിമ, മാഹി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ചുമതല വഹിക്കുന്ന ഇ.പി. ശിവകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഭാരത് പെട്രോളിയം അധികൃതരും പങ്കെടുത്തു.