gartham

രക്ഷപ്പെട്ടതിൽ രക്ഷിതാവിനു നന്ദി

ഇരിക്കൂർ: വ്യാഴാഴ്ച ഉച്ചസമയത്ത് ആയിപ്പുഴയിൽ അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് അയൽവാസിയുടെ വീട്ടുകിണറിൽ എത്തിപ്പെട്ട വീട്ടമ്മയായ ഉമൈബക്ക് സംഭവിച്ചത് ഓർത്തെടുക്കാൻ കഴിയുന്നില്ല. നാളിതുവരെ ഇത്തരം ഒരു സംഭവം ആരും കേൾക്കുകയോ കാണുകയോ ചെയ്യാത്ത അപൂർവ്വ സംഭവമാണ് ആയിപ്പുഴയിൽ നടന്നത് .

അലക്കിക്കൊണ്ടിരിക്കെ ബക്കറ്റിലെ അഴുക്കുവെള്ളം ഒഴിച്ചു കളയാനായി തിരിഞ്ഞപ്പോഴാണ് നിന്ന ഭാഗത്ത് ഗർത്തം രൂപപ്പെട്ടതും അതിലൂടെ ഭൂമിക്കടിയിലേക്ക് സാവധാനത്തിൽ താഴ്ന്നു പോയതും. ഉമൈബയും താഴ്ഭാഗത്തെ മണ്ണും എത്തിയത് ഇവരുടെ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയായ റഫീഖിന്റെ വീടിന്റെ കിണറിനടിയിലാണ്. റഫീഖിന്റെ കിണറിന് 25 കോൽ ആഴവുമുണ്ട്. ഗർത്തത്തിലൂടെ മണ്ണ് കിണറിലേക്ക് ഇറങ്ങിയതിനാലും വെള്ളം കുറവായതും രക്ഷയായി.

ഉമൈബയുടെ വീടിന്റെ മുറ്റം മുഴുവനും ഇന്റർലോക്ക് ചെയ്തതാണ്. എന്നിട്ടും ഭൂമി വാപിളർന്ന് വിഴുങ്ങുന്നതുപോലെയായിരുന്നുവെന്ന് ഉമൈബ ഓർക്കുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നുപോലും ഓർക്കും മുമ്പെ എത്തിയത് ഒരു പഴയ കിണറിനടിയിലായിരുന്നെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇത് ഏതു കിണറായിരുന്നെന്നോ എവിടെയാണെന്നോ മനസിലായിരുന്നില്ല. എത്തിപ്പെട്ട കിണറ്റിൽ അധികം വെള്ളമില്ലാത്തതിനാലും പിടിച്ചു നിൽക്കാൻ സാധിച്ചതും വലിയ ഭാഗ്യമായെന്നും ഇവർ ഓർക്കുന്നു. നടുക്കം അല്പം വിട്ടുമാറി സമനില കിട്ടിയപ്പോഴാണ് അയൽവാസിയുടെ കിണറിനടിയിലാണ് താനെന്ന് മനസിലായത്. പിന്നീടാണ് രക്ഷപ്പെടാനുള്ള വഴി തുടങ്ങിയത്. ഉച്ചത്തിൽ വീട്ടുടമ ത്വാഹിറയെ വിളിച്ചു കരഞ്ഞു. ശബ്ദം കേട്ട് ഓടി എത്തിയ ത്വാഹിറ കിണറിന്നടിയിലേക്ക് ഇരുമ്പു ഗ്രിൽസിട്ട ദ്വാരത്തിലൂടെ നോക്കിയപ്പോൾ ഉമൈബയെ കണ്ടതാണ് രക്ഷയായത്.

ഓടിയെത്തിയ പരിസരവാസികൾ ഉമൈബയെ രക്ഷപ്പെടുത്താൻ ഒരു കസേര ഇറക്കുകയായിരുന്നു. മനോധൈര്യം വീണ്ടെടുത്ത ഉമൈബ ഇതിൽ കയറിയിരുന്നു. ഇത്രയും വലിയ ഒരു പരീക്ഷണത്തെ നേരിട്ടിട്ടും കാര്യമായ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടതിൽ വീട്ടമ്മ ദൈവത്തിന് നന്ദി പറയുകയാണിപ്പോൾ.

ജിയോളജി വകുപ്പധികൃതർ എത്തി

ഭൂമി താഴ്ന്ന് വീട്ടമ്മ ഗർത്തത്തിലൂടെ സമീപത്തെ കിണറിനടിയിൽ എത്തിയ സംഭവത്തിൽ വിവിധ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഭൂഗർഭ വിഭാഗം മേധാവിയും ജീവനക്കാരും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പധികൃതരും സ്ഥലത്തെത്തി സംഭവത്തിന്റെ പാശ്ചാത്തലം വിലയിരുത്തി.

സമീപ പ്രദേശങ്ങളായ കാളാമ്പാറ, തുമ്പോൽ, പാണലാട്, പട്ടാന്നൂർ മേഖലകളിൽ പലപ്പോഴായി വലുതും ചെറുതുമായ ഗുഹകൾ കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന്റെ ഭാഗമാവാമെന്നും ഭൂമിക്കടിയിലൂടെ ഉറവ വെള്ളം ശക്തിയായി ഒഴുകി ഇത്തരം ഗർത്തങ്ങളും ഗുഹകളും രൂപപ്പെടാറുണ്ടെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.