
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനായി ജനം ഇന്ന് പോളിംഗ് ബൂത്തിലെത്തുമ്പോൾ മുന്നണികൾക്കെല്ലാം നെഞ്ചിടിപ്പ് കൂടുകയാണ്. വടക്കൻ കളരിയുടെ നാടായ മലബാറിലെ അങ്കത്തിന് മറ്റു ജില്ലകളെക്കാൾ വീറും വാശിയും കൂടുതലാണെന്ന് നേതാക്കൾ പോലും സമ്മതിക്കുന്നു. മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അവസാന അങ്കത്തിൽ ആര് ജയിക്കുമെന്നത് ഇത്തവണ പ്രവചനാതീതം. തെക്കൻ ജില്ലകളും മദ്ധ്യ കേരളവും വലത്തോട്ടും ഇടത്തോട്ടും ചുവടുമാറികളിക്കുമ്പോഴും ഇടതുമുന്നണിക്കൊപ്പം എക്കാലവും കരുത്തോടെ നില കൊണ്ടിരുന്നത് വടക്കൻ ജില്ലകളായ കണ്ണൂരും കാസർകോടുമാണ്. മലപ്പുറമാണ് യു.ഡി.എഫിന് ആശ്വാസമായിരുന്നത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിവ് തെറ്റിച്ച് ഈ നാല് ജില്ലകളിലും വൻ മുന്നേറ്റം നടത്തിയത് യു.ഡി.എഫാണ്.
കോഴിക്കോട്
സംസ്ഥാന രാഷ്ട്രീയത്തിലെ വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് മൂന്ന് മുന്നണികളും കോഴിക്കോട്ട് അങ്കത്തിനിറങ്ങിയത്. കോഴിക്കോട് കോർപ്പറേഷന്റെ ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ
യു.ഡി.എഫിന് ഒരിക്കൽപോലും വിജയിക്കാനായിട്ടില്ല. എന്നാൽ 2010ൽ മികച്ച മുന്നേറ്റം നടത്തിയത് യു.ഡി.എഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇത്തവണ കോർപ്പറേഷനിൽ ശക്തമായ ത്രികോണ മത്സരമാണ്. വെൽഫയർ പാർട്ടിയുമായുള്ള ബന്ധം കോൺഗ്രസ് നേതൃത്വം നിഷേധിക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും അതു നിലനിൽക്കുന്നുണ്ടെന്നും ആരോപണമുണ്ട്. കുറ്റിയാടി, മുക്കം, ചെറുവണ്ണൂർ മേഖലകളിൽ വെൽഫെയർ പാർട്ടിക്കുള്ള സ്വാധീനമാണ് യു.ഡി.എഫിന്റെ കരുത്ത്. വടകര ഭാഗത്ത് എൽ.ജെ.ഡിയാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നതെങ്കിൽ ആർ.എം.പി.ഐ നേതൃത്വം നൽകുന്ന ജനകീയ മുന്നണിയാണ് യു.ഡി.എഫിന് തുണ. വടകര ബ്ലോക്ക് പഞ്ചായത്തിന് പുറമെ ഒഞ്ചിയം, അഴിയൂർ, ഏറാമല, ചോറോട് എന്നീ പഞ്ചായത്തുകളിലും യു.ഡി.എഫിനൊപ്പം ജനകീയ മുന്നണിയുണ്ട്.
മലപ്പുറം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളും ജനസംഖ്യയുമുള്ള മലപ്പുറത്ത് ഇക്കാലമത്രയും യു.ഡി.എഫിനാണ് മുൻതൂക്കം ലഭിച്ചത്. യു.ഡി.എഫിന്റെ എക്കാലത്തേയും ഇളക്കമില്ലാത്ത കോട്ടയാണ് മലപ്പുറം. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനത്തിലൂടെ യു.ഡി.എഫിനെ വിറപ്പിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താനൂർ നഗരസഭയിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത് വലിയ നേട്ടമായി ഉയർത്തിക്കാട്ടുകയാണ് എൻ.ഡി.എ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് ജയിച്ചവരിൽ പലരും യു.ഡി.എഫിലേക്ക് പോയതോടെ കൊണ്ടോട്ടി നഗരസഭയിലടക്കം രണ്ടാം പകുതിയായപ്പോഴേക്കും ഭരണം മാറിയിരുന്നു.
എന്നാൽ കോൺഗ്രസിലും ലീഗിലും ഇത്തവണ കാര്യമായ വിമത ശല്യമില്ലെന്നത് യു.ഡി.എഫിന് നേട്ടമാകും. കഴിഞ്ഞ തവണ 24 തദ്ദേശസ്ഥാപനങ്ങളിൽ ലീഗ് -കോൺഗ്രസ് സൗഹൃദ മത്സരങ്ങളുണ്ടായിരുന്നു. ഇക്കുറി രണ്ടിടത്ത് മാത്രമെ ഇത്തരത്തിലുള്ള മത്സരങ്ങളുള്ളൂ.
കണ്ണൂർ
തിരഞ്ഞെടുപ്പിന് മുമ്പ് 18 സീറ്റിൽ എതിരില്ലാതെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ കഴിഞ്ഞ തവണ വോട്ടെടുപ്പിന് മുമ്പ് 14 വാർഡിൽ വിജയിച്ച് ആന്തൂർ നഗരസഭയിലെ ഭരണം ഇടതുമുന്നണി ഉറപ്പിച്ചെങ്കിലും ഇത്തവണ എതിരില്ലാത്ത വിജയം ആറിടത്ത് മാത്രമാണമെന്നത് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. സ്വന്തം ചിഹ്നത്തിൽ പോലും മത്സരിക്കാതെ സി.പി.എം സ്വതന്ത്രന്മാരെ പരീക്ഷിക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
കഴിഞ്ഞ തവണ തുല്യനിലയിലെത്തിയ കണ്ണൂർ കോർപ്പറേഷനിലാകട്ടെ, കോൺഗ്രസ് വിമതന്റെ വോട്ടിൽ എൽ.ഡി.എഫ് നാല് വർഷം ഭരിച്ചു. വിമതൻ കോൺഗ്രസിലേക്ക് തിരിച്ചു പോയതോടെ ഭരണവും നഷ്ടപ്പെട്ടു.
അത്തരമൊരു കൈപ്പിഴ വച്ചുപൊറുപ്പിക്കില്ലെന്ന വീറും വാശിയുമാണ് ഇത്തവണ ഇരുമുന്നണികളും.
കാസർകോട്
ശക്തമായ ത്രികോണ മത്സരത്തിനു വേദിയാകുന്ന ജില്ലയാണ് കാസർകോട്. പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതും ലീഗ് നേതാവും എം.എൽ.എയുമായ എം.സി. ഖമറുദ്ദീന്റെ നേതൃത്വത്തിലുണ്ടായ നിക്ഷേപതട്ടിപ്പുമാണ് ഇവിടത്തെ പ്രധാന പ്രാചാരണ ആയുധം. സി.പി.എമ്മിന് കയ്യൂരു പോലെ യു.ഡി.എഫിന് ആവേശം പകരുന്നതാണ് പെരിയ കല്യാട്ടെ രക്തസാക്ഷി സ്മാരകം. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ നേരിയ തോതിൽ വിഭാഗീയത തലപൊക്കുന്നത് നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി പാർട്ടി ഗ്രാമമായ കയ്യൂർ- ചീമേനി പഞ്ചായത്തിൽ യു.ഡി.എഫ് ഒരു സീറ്റ് നേടിയിരുന്നു. ബേഡകത്തും പിലിക്കോടും ആദ്യമായി പ്രതിപക്ഷമുണ്ടായതും കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിന് കാസർകോട്ടും തീരപ്രദേശങ്ങളിലും സ്വാധീനമുണ്ട്. കോൺഗ്രസിലും ലീഗിലും മുൻകാലങ്ങളിലുണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഇത്തവണ താരതമ്യേന കുറവാണെന്നതാണ് യു.ഡി.എഫിന് ആശ്വാസം നൽകുന്നത്. ഭരണം നിലനിറുത്താൻ പതിനാലിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി ഇറക്കിയത്. കാസർകോട് നഗരസഭയിൽ പ്രചാരണരംഗത്ത് എൻ.ഡി.എയും മുന്നിൽ തന്നെയുണ്ടായിരുന്നു.