kk-shylaja

കണ്ണൂർ: ഡോക്ടർമാരുടെ പണിമുടക്ക് സമരങ്ങളെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും എന്നാൽ രോഗികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് ഡോക്ടർമാർ സമരം കൈകാര്യം ചെയ്തതെന്നാണ് വിശ്വാസമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് മന്ത്രി അഭിപ്രായം വ്യക്തമാക്കിയത്.ന്യായമായ ആവശ്യങ്ങൾക്കായി സമരം നടത്താൻ ഡോക്ടർമാർക്ക് അവകാശമുണ്ട്. ആയുർവേദ മേഖലയ്ക്ക് ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകുന്ന നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിച്ചതാണ്. എല്ലാ കാര്യത്തിലും കേന്ദ്രം അത് സ്വീകരിക്കണമെന്നില്ല. ഏകപക്ഷീയമായ പല പുതിയ തീരുമാനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് വാക്‌സിൻ സംഭരണത്തിനും വിതരണത്തിനുമെല്ലാം സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പെട്ടെന്ന് മരുന്ന് കിട്ടാനുള്ള സാധ്യത കുറവാണ്. വാക്‌സിൻ എത്രയും പെട്ടെന്ന് കിട്ടണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.