
കാഞ്ഞങ്ങാട്:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥികൾക്കും അണികൾക്കും കർശന നിർദേശവുമായി ജില്ല ആർ .എസ് .എസ് ഘടകം. ജില്ലയിലെ ഭൂരിഭാഗവും ബി.ജെ.പി.സ്ഥാനാർത്ഥികളെയും ആർ. എസ് .എസ് നിർദ്ദേശിച്ചവരായിരുന്നു. 2015 ലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടിംഗ് ശതമാനം കുറഞ്ഞാൽ സംഘടനാതലത്തിൽ തന്നെ നടപടിയുണ്ടാകുമെന്നാണ് ആർ.എസ്.എസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ബി.ജെ.പിയുടെ വോട്ടിംഗ് ശതമാന നിരക്ക് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ്. ഇത്തരമൊരു നിർദ്ദേശം നൽകിയതിന് പിന്നിലെന്നാണ് വിവരം.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരത്തെ ബി.ജെ.പി. വോട്ടുകൾ വ്യാപകമായി പണം വാങ്ങിയും അല്ലാതെയും മാറ്റി നൽകുന്നുവെന്ന ആരോപണം ശക്തമായിരുന്നു.ഇത് പ്രചരണത്തിനെത്തിയ സംസ്ഥാന നേതാക്കളോടും താഴേക്കിടയിലുള്ള അണികൾ സൂചിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഉദുമ മണ്ഡലത്തിൽ കെ. സുധാകരന് വേണ്ടി ബി.ജെ.പി. വോട്ട് മറിച്ചതായി ആരോപണം ശക്തമായിരുന്നു.ഈ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വോട്ടിംഗ് ശതമാനവും ഈ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു. എന്നാൽ ഇക്കുറി തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനനിരക്ക് കൃത്യമായിരിക്കണമെന്ന മേൽതട്ടിൽ നിന്നുള്ള നിർദ്ദേശമാണ് സ്ഥാനാർത്ഥി നിർണയത്തിന് പിന്നിൽ ആർ.എസ്.എസ് ഇടപെടലിന് കാരണമായത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത വാർഡുകളിൽ കാഞ്ഞങ്ങാട് നഗരസഭയിലടക്കം മറ്റു മുന്നണികൾക്ക് വോട്ട് മറിച്ചിരുന്നു.ഇടതുവലതു കക്ഷികളിൽ ആര് വിജയിച്ചാലും ബി.ജെ.പി. അണികളുടെ വോട്ടുകൾ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് തന്നെ ലഭിച്ചിരിക്കണമെന്ന കർശന നിർദ്ദേശമാണ് ആർ.എസ്.എസ്. നൽകിയിട്ടുള്ളത്.അല്ലാത്ത പക്ഷം കടുത്ത നടപടികൾ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന മുന്നറിയിപ്പും ആർ.എസ്.എസ് ബി.ജെ.പിക്ക് നൽകിയിട്ടുണ്ട്.