election

കാസർകോട്: തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വോട്ടർമാർക്ക് ചില കേന്ദ്രങ്ങളിൽ മദ്യവും പണവും വിതരണം ചെയ്യുന്നതായി പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 41 തദ്ദേശഭരണ സ്ഥാപനങ്ങളിലുമായി 123 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഒരു തദ്ദേശ ഭരണസ്ഥാപനത്തിൽ മൂന്ന് ഉദ്യോഗസ്ഥർ വീതമാണുള്ളത്.

. പണം, മദ്യം, ഉപഹാരങ്ങൾ വിതരണം ചെയ്യാനിടയുള്ള ജനങ്ങൾ കൂടിച്ചേരുന്ന കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് ഇവ പ്രത്യേകം നിരീക്ഷണത്തിലാക്കിയതായി ജില്ലാകളക്ടർ ഡി.സജിത്ത് ബാബു അറിയിച്ചു.. നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ രഹസ്യറിപ്പോർട്ട് തിരഞ്ഞെടുപ്പിന് ശേഷം കൈമാറും. കുറ്റം തെളിഞ്ഞാൽ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തിന് അയോഗ്യരാക്കുന്നത് ഉൾപ്പടെയുള്ള നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

വോട്ടുചെയ്യാം വൈകിട്ട് ആറുവരെ

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് സമയം. ആറു മണിക്ക് ക്യൂവിൽ ഉള്ളവർക്ക് ടോക്കൺ നൽകിയശേഷം അവരെ വോട്ട് ചെയ്യാൻ അനുവദിക്കും. വൈകിട്ട് അഞ്ചു മണി മുതൽ ഒരു മണിക്കൂർ കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും നിരീക്ഷണത്തിൽ ആകുന്നവർക്കും പി. പി. ഇ കിറ്റുകൾ ധരിച്ചു കൊണ്ട് പോളിംഗ് സ്റ്റേഷനുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം.

ഡിസംബർ 11 വരെയായി 2962 സ്‌പെഷ്യൽ വോട്ടർമാരാണ് സർട്ടിഫൈഡ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇതിൽ 1447 പേർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകി. ഇന്നും ഇവ വിതരണം ചെയ്യും.