ua-khader

യു.എ.ഖാദർ എന്ന എഴുത്തുകാരനെ നന്നായി അറിയാം. പക്ഷേ, ഖാദർ എന്ന വ്യക്തിയുമായി വലിയ ആത്മബന്ധവും അടുപ്പവുമൊന്നുമുണ്ടായിരുന്നില്ല. ചില പരിപാടികളിൽ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു സാധാരണ പച്ച മനുഷ്യനെയാണ് ഞാൻ ഖാദറിൽ കണ്ടത്. കുട്ടികളെ പോലെയാണ്. സന്തോഷം വരുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ വല്ലാതെ കരയുകയും ചെയ്യും. ഇങ്ങനെ പറയാനും കാരണമുണ്ട്.

മാതൃഭൂമി സാഹിത്യ പുരസ്കാരം കോഴിക്കോട് വച്ച് ഖാദറിന് സമർപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. മുൻകാലത്ത് ചെന്നൈയിൽ വച്ച് എല്ലാ ശനിയാഴ്ചയും നടന്നിരുന്ന സാഹിതീസഖ്യം പരിപാടിയിൽ പങ്കെടുക്കാറുള്ള കാര്യം ആ ചടങ്ങിൽ വച്ച് ഖാദർ ഓർത്തെടുത്തു കരയുകയായിരുന്നു. തന്നെ സ്വാധീനിച്ച വ്യക്തികളിൽ പ്രധാന സ്ഥാനമാണ് പത്മനാഭൻ എന്ന കഥാകാരനെന്ന് അദ്ദേഹം അനുസ്മരിച്ചു.

കൊയിലാണ്ടി ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ ഫൈനൽ പാസായ ശേഷം ചിത്രകാരനായ എം.വി.ദേവൻ വഴി മദ്രാസ് സ്കൂൾ ഒഫ് ആർട്സിൽ ചേരുകയായിരുന്നു. അവിടെ അന്ന് വിദ്യാർത്ഥികളായി നമ്പൂതിരിയും പാരീസ് വിശ്വനാഥനുമൊക്കെയുണ്ട്. സ്ഥാപന മേധാവികളായി പ്രഗല്ഭ ചിത്രകാരൻമാരായ റോയ് ചൗധരിയും കെ.സി.എസ് പണിക്കരും. പക്ഷേ, വ്യക്തിപരവും കുടുംബപരവുമായ ചില കാരണങ്ങളാൽ ചിത്രകലാപഠനം പൂർത്തിയാക്കാതെ മദിരാശിയോട് വിടപറയേണ്ടിവരികയായിരുന്നു.

എം. ഗോവിന്ദനും ടി.പത്മനാഭനും ഉൾപ്പെടുന്ന എഴുത്തുകാരുടെ സംഘമാണ് തനിക്ക് സാഹിത്യത്തിന്റെ പുതിയ വഴികൾ തുറന്ന് തന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹിതീസഖ്യം പോലുള്ള കൂട്ടായ്മകൾ ഇല്ലായിരുന്നുവെങ്കിൽ തന്നെപ്പോലുള്ള എഴുത്തുകാരൻ പിറക്കില്ലായിരുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്.

ഖാദറിന്റെ തൃക്കോട്ടൂർ പെരുമയും പന്തലായിനിയിലേക്ക് ഒരു യാത്രയുമാണ് തന്നെ ഏറെ ആകർഷിച്ച കൃതികൾ. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി കഥയായി ഞാൻ കാണുന്നത് പന്തലായനിയിലേക്ക് ഒരു യാത്ര തന്നെയാണ്. ഇത്രയും ഭംഗിയായി ഫാന്റസി അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരു എഴുത്തുകാരനുണ്ടോ എന്നു സംശയമാണ്.