
കണ്ണൂർ/കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്.
കൊവിഡ് ഹരിത പെരുമാറ്റച്ചട്ടങ്ങൾ അനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുക. ഇന്നലെ വൈകുന്നേരം മൂന്നിനു ശേഷം കൊവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈനിൽ പ്രവേശിച്ചവരുമായ വോട്ടർമാർ വൈകിട്ട് അഞ്ചിനും ആറിനുമിടയിൽ ബൂത്തുകളിലെത്തണം. ജനറൽവോട്ടർമാരിൽ വൈകിട്ട് ആറ് വരെ വരിയിലുള്ളവർ വോട്ട് ചെയ്തതിനു ശേഷമാണ് കൊവിഡ് വോട്ടർമാരെ ബൂത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കുക.
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തീകരിച്ചു. സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ പോളിംഗ് കേന്ദ്രങ്ങളിലെത്തി ബൂത്തുകളും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും സജ്ജമാക്കി.
കണ്ണൂരിൽ 20,00,922 വോട്ടർമാർ
കണ്ണൂർ ജില്ലയിലെ 20,00,922 വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, എട്ട് നഗരസഭകൾ, 11ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്തിലെ 1166 വാർഡുകളിലേക്കും 149ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും 289 നഗരസഭാ വാർഡുകളിൽ 281 വാർഡുകളിലേക്കും 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുടെ മരണംമൂലം മാറ്റിവച്ചു.
കാസർകോട്ട് 10,48,566 വോട്ടർമാർ
കാസർകോട് ജില്ലയിലെ 10,48,566 മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുക. 79 പ്രവാസി വോട്ടർമാരുമുണ്ട്. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലായി 664 വാർഡുകളും ഇതിൽ 1287 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ഗ്രാമപഞ്ചായത്തിൽ ആകെ സ്ഥാനാർത്ഥികൾ 1991. ആറു ബ്ലോക്ക് പഞ്ചായത്തുകളിലെ 83 ഡിവിഷനുകളിൽ 263 സ്ഥാനാർഥികൾ. മൂന്ന് മുനിസിപ്പാലിറ്റികളിലായി 113 വാർഡുകളും 329 സ്ഥാനാർത്ഥികളുമുണ്ട്. ജില്ലാ പഞ്ചായത്തിൽ 17 ഡിവിഷനുകളിലായി 65 സ്ഥാനാർഥികളാണ് മത്സര രംഗത്ത്.
പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്
കണ്ണൂർ ജില്ലയിലെ പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളിൽ നെറ്റ് കണക്ടിവിറ്റി സംവിധാനമുള്ള 881 ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള 59 ബൂത്തുകളും രാഷ്ട്രീയ പാർട്ടികൾ പണമടച്ച് ആവശ്യപ്പെട്ട ബൂത്തുകളും ഉൾപ്പെടെ 482 ബൂത്തുകളിൽ വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തിലെത്തുന്ന ഓരോ വോട്ടർമാരും വോട്ട് ചെയ്യാനെത്തുന്നതും രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും തത്സമയം രേഖപ്പെടുത്തും. ഇത് കൺട്രോൾ റൂം മുഖേന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്ക് തത്സമയം മനസിലാക്കാം. ദൃശ്യങ്ങൾ കെൽട്രോണിന്റെ സെർവറിൽ സൂക്ഷിക്കുകയും ചെയ്യും.
കാസർകോട്ട് ആകെ 84 ക്രിട്ടിക്കൽ ബൂത്തുകളും 43 വൾനറബിൾ ബൂത്തുകളും മാവോയിസ്റ്റ് സാന്നിധ്യമുള്ള 8 ബൂത്തുകളും ഉണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച 99 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാർഥികൾ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ പൊലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയിൽ 256 ബൂത്തുകളിൽ വെബ്കാസ്റ്റ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്.
കരുതണം ഈ രേഖകളിലൊന്ന്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ, അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പ്, അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്,
പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫേട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവ് മുമ്പുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്.