school
ന്യൂ പൂവത്തൂർ എൽ.പി സ്‌കൂൾ

ചെറുവാഞ്ചേരി: 20 വർഷം മുമ്പ് ബോംബേറും ബൂത്ത് പിടിത്തവും നടന്ന ചെറുവാഞ്ചേരിയിലെ ന്യൂ പൂവത്തൂർ എൽ.പി സ്‌കൂൾ ബൂത്ത് ഈ തിരഞ്ഞെടുപ്പിലും പ്രശ്നബാധിത ബൂത്ത്. 2000 സെപ്റ്റംബർ 27ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തിലാണ് സ്‌കൂളിൽ രാഷ്ട്രീയ അക്രമം നടന്നത്.

അന്ന് അക്രമി സംഘം എറിഞ്ഞ ബോംബുകളിലൊന്ന് ലക്ഷ്യം തെറ്റി പതിച്ചത് ബൂത്തിന് പരിസരത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുബാലിക അസ്നയുടെ ദേഹത്ത്. അസ്‌നയ്ക്ക് പുറമേ അനുജൻ ആനന്ദിനും അമ്മ ശാന്തയ്ക്കും പരിക്കേറ്റു. ചികിത്സയ്ക്കിടെ അസ്‌നയുടെ വലതുകാൽ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റി. എന്നാൽ ജീവിതത്തോട് പൊരുതിയ ആ പെൺകുട്ടി നിശ്ചയദാർഢ്യത്തോടെ വിജയത്തിന്റെ പടവുകൾ ഓരോന്നായി നടന്നു കയറി. അസ്ന ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഈ സ്‌കൂളിലെ ബൂത്തിൽ അസ്ന വോട്ട് ചെയ്യാനെത്തിയിരുന്നു.

എന്നാൽ, പഴയ ചെറുവാഞ്ചേരി അല്ല ഇന്നത്തേത്. കാര്യമായ അക്രമം ഇവിടെ ഇപ്പോഴില്ല. എന്നാലും ഓരോ ഇലക്ഷൻ വരുമ്പോഴും പൊലീസിന്റെ കണക്കിൽ പൂവത്തൂർ ന്യൂ എൽ.പി സ്‌കൂൾ ഇന്നും പ്രശ്‌നബാധിത ബൂത്താണ്. നാലു ബൂത്താണ് ഇവിടെ ഉള്ളത്. 2000 ൽ നടന്ന അക്രമത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഈ ബൂത്തിൽ ഒരു അക്രമം പോലും നടന്നിട്ടില്ലെന്ന് പൊലീസ് തന്നെ പറയുന്നു. എന്നാൽ ഒരു കാലത്ത് അക്രമങ്ങൾ നിരവധി നടന്നിട്ടുണ്ട് ഈ നാട്ടിൽ. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. ഇതിനിടെ മുപ്പതിലേറെ തവണ ടൗണിലെ സി.പി.എം ഓഫീസ് അക്രമത്തിന് വിധേയമായി. ഇതിനു പുറമേ ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രവർത്തകർക്കു നേരെയും അക്രമം ഉണ്ടായി.