കണ്ണൂർ: ജില്ലയിൽ കണ്ണൂർ കോർപ്പറേഷനിലും തലശ്ശേരി നഗരസഭയിലും ആന്തൂർ നഗരസഭയിലും കോൺഗ്രസ് -സി.പി.എം അവിശുദ്ധ സഖ്യം രൂപപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. രണ്ടു മുന്നണികളുടെയും വികൃതമായ മുഖം പൊതുസമൂഹം തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായി രണ്ടുമുന്നണിയും സയാമീസ് ഇരട്ടകൾ ആണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അഴിമതിയും കള്ളക്കടത്തും സ്വജനപക്ഷപാതവും മയക്കുമരുന്നു കടത്തും നടത്തി പൊതുസമൂഹത്തിനു മുന്നിൽ ഇവർ ഒറ്റപ്പെട്ടു.
സ്വാധീനം നഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ രണ്ടുമുന്നണിയും ഒന്നിക്കുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. സി.പി.എമ്മിന് സ്വാധീനമില്ലാതെ സ്ഥലങ്ങളിൽ കോൺഗ്രസിന് വോട്ട് മറിക്കാനും കോൺഗ്രസിന് സ്വാധീനമില്ലാത്ത പ്രദേശങ്ങളിൽ സി.പി.എമ്മിന് വോട്ട് മറിക്കാനുമുള്ള തീരുമാനമാണ് ഇരു മുന്നണികളും ഉണ്ടാക്കിയിരിക്കുന്നത്. തങ്ങൾ ശത്രുക്കളാണെന്ന് നടിക്കുമ്പോഴും ബി.ജെ.പി ജയിക്കുമെന്ന ഭയപ്പാട് കാരണം സഖ്യം ഉണ്ടാക്കുകയാണ്. ഈ അവിശുദ്ധ സഖ്യം ജനങ്ങൾ മനസിലാക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.