കാഞ്ഞങ്ങാട്: ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയാക്കി. ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തിൽ
ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായിരുന്നു വിതരണം. കാസർകോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും നഗരസഭയുടെയും പോളിംഗ് സാമഗ്രികൾ കാസർകോട് ഗവ. കോളേജിലും കാഞ്ഞങ്ങാട് നഗരസഭയുടേത് ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും കാഞ്ഞങ്ങാട് ബ്ലോക്കിന്റേത് ദുർഗാ ഹയർസെക്കൻഡറിയിലും, മഞ്ചേശ്വരം ബ്ലോക്കിനായി കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളും കാറഡുക്ക ബ്ലോക്കിന് ബോവിക്കാനം ബി.ആർ.എച്ച്.എച്ച്.എസ്.എസും പരപ്പ ബ്ലോക്കിന് പരപ്പ ജി.എച്ച്.എസിലും നീലേശ്വരം ബ്ലോക്കിന് പടന്നക്കാട് നെഹ്രു കോളേജിലും നീലേശ്വരം നഗരസഭയുടേത് രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലുമാണ് വിതരണം ചെയ്തത്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതൽ 9.30 വരെ, 9.30 മുതൽ 11 മണി വരെ, 11 മണി മുതൽ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം ചെയ്തത്. എല്ലാ വിതരണ കേന്ദ്രങ്ങളിലും ആവശ്യക്കാർക്ക് പരിശോധന നടത്താൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റ് കൗണ്ടർ ഒരുക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ പാനീയങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണശാലയും തയ്യാറാക്കിയിരുന്നു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു തിരഞ്ഞെടുപ്പ് നിരീക്ഷകൻ നരസിംഹഗാരി ടി.എൽ റെഡി എന്നിവർ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വരണാധികളുടെ നേതൃത്വത്തിലാണ് രാവിലെ സ്‌ട്രോംഗ് റൂം തുറന്ന് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ ബൂത്തുകളിലേക്ക് കൈമാറിയത്.