കാസർകോട്: പോളിംഗ് ദിനത്തിൽ കാസർകോട്ട് വിപുലമായ സുരക്ഷ ക്രമീകരണം. എട്ട് പൊലീസ് സബ്ഡിവിഷനുകളാക്കി ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. കുമ്പള സബ് ഡിവിഷൻ (മഞ്ചേശ്വരം, കുമ്പള ), കാസർകോട് സബ് ഡിവിഷൻ (കാസർകോട്, മേൽപ്പറമ്പ്) ,ബദിയടുക്ക സബ്ഡിവിഷൻ ( വിദ്യാനഗർ, ബദിയടുക്ക), ആദൂർ സബ്ഡിവിഷൻ ( ആദൂർ, ബേഡകം ), ബേക്കൽ സബ് ഡിവിഷൻ (ബേക്കൽ, അമ്പലത്തറ), ഹോസ്ദുർഗ് സബ് ഡിവിഷൻ (ഹോസ്ദുർഗ്, നീലേശ്വരം ), ചന്തേര സബ്ഡിവിഷൻ (ചന്തേര, ചീമേനി), രാജപുരം സബ് ഡിവിഷൻ( വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, രാജപുരം ) എന്നിങ്ങനെയാണിവ.

എസ്.ഐമാരുടെ നേതൃത്വത്തിൽ പട്രോളിംഗിനായി 76 ഗ്രൂപ്പുകളെയും നിയോഗിച്ചിട്ടുണ്ട്. ഒരോ പൊലീസ് സ്റ്റേഷനുകളിലും രണ്ടു വീതം മൊത്തം 34 ലോ ആൻഡ് ഓർഡർ പട്രോളും ഏർപ്പെടുത്തിയിട്ടുണ്ട്. 17 പൊലീസ് സ്റ്റേഷൻ പരിധിയിലും അക്രമമുണ്ടായാൽ ഉടൻ എത്തുന്നതിന് സ്‌ട്രൈക്കിംഗ് പാർട്ടിയെയും നിയോഗിച്ചു.

എട്ട് സബ് ഡിവിഷനുകളിലും ഡിവൈ.എസ്.പി മാരുടെ കീഴിൽ ഒരോവീതം സ്‌ട്രേക്കിംഗ് പാർട്ടിയുമുണ്ടാകും.

ജില്ലാ പൊലീസ് മേധാവിക്ക് കീഴീൽ ജില്ലയിൽ മൂന്ന് സ്‌ട്രേക്കിംഗ് ടീമിനെയും സംസ്ഥാന പൊലീസ് മേധാവി, എ.ഡി.ജി.പി(ക്രമസമാധാനം), ഉത്തരമേഖല ഐ.ജി.പി കണ്ണൂർ റെഞ്ച് ഡി.ഐ.ജി എന്നിവരുടെ കീഴിൽ ഒരോ വീതം സ്‌ട്രേക്കിംഗ് പാർട്ടിയെയും വിവിധ ഭാഗങ്ങളിൽ വിന്യസിപ്പിച്ചു.

18 ജില്ലാ അതിർത്തികളിൽ പരിശോധനാ സംവിധാനമുണ്ടാകും. ക്രമസമാധന പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള 50 ഓളം സ്ഥലങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പിക്കറ്റു പോസ്റ്റുകൾ ഏർപ്പെടുത്തി. വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന ജില്ലയിലെ 9 സ്ഥലങ്ങളിലും സായുധ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

കൺട്രോൾ റൂം 04994257371, 9497980941.