thoni
തയ്യിൽ സൗത്ത് പോളിംഗ് സ്റ്റേഷനിലേക്ക് പോളിംഗ് സാമഗ്രികളുമായി തോണിയിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ

തൃക്കരിപ്പൂർ: പാലമുണ്ടെങ്കിലും ദ്വീപ് പഞ്ചായത്തായ വലിയപറമ്പിലെ ഒരു പോളിംഗ് ബൂത്തിലെത്തിച്ചേരാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തവണയും ആശ്രയിക്കേണ്ടി വന്നത് തോണിയെ തന്നെ. പഞ്ചായത്തിലെ തെക്കൻ മേഖലയിലെ ഏക ബൂത്തിലെ ഉദ്യോഗസ്ഥർക്കാണ് പോളിംഗ് സാമഗ്രികൾ എത്തിക്കാനും യാത്രയ്ക്കുമായി ഫൈബർ തോണിയെ ആശ്രയിക്കേണ്ടി വന്നത്.

വലിയപറമ്പ് പഞ്ചായത്തിലെ മാവിലക്കടപ്പുറം മുതൽ തൃക്കരിപ്പൂർ കടപ്പുറം വരെയുള്ള പോളിംഗ് സ്റ്റേഷനുകളിലേക്ക് വാഹന സൗകര്യം ഉണ്ടെങ്കിലും പഞ്ചായത്തിലെ തെക്കൻ ഭാഗത്തേക്ക് റോഡില്ലാത്തതാണ് ഉദ്യോഗസ്ഥർക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. നിലവിൽ ഉദിനൂർ കടപ്പുറം വരെ മാത്രമാണ് റോഡ് സൗകര്യമുള്ളത്. അതിനാൽ തയ്യിൽ സൗത്ത് എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് വേണ്ടി മാടക്കാൽ ബോട്ട് കടവിലാണ് തോണി ഒരുക്കിയിരുന്നത്. പഞ്ചായത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തുള്ള ഇടയിലക്കാടും വടക്കെ അറ്റമായ മാവിലാകടപ്പുറത്തും പാലമുണ്ടെങ്കിലും അത് തെക്കൻ മേഖലയ്ക്ക് ഉപകാരപ്രദമല്ല.

മാടക്കാലിൽ നിർമ്മിച്ച തൂക്കുപാലം രണ്ടുമാസത്തിനുള്ളിൽ തകരുകയും ചെയ്തു. പകരം പാലം ഇതുവരെ നിർമ്മിച്ചിട്ടുമില്ല. നാലാം വാർഡായ തയ്യിൽ കടപ്പുറത്തെ പോളിംഗ് ബൂത്തിൽ ഒന്നാം ഭാഗം പട്ടികയിൽ 434 പേർക്കാണ് സമ്മതിദാന അവകാശം. ഇതേ വാർഡിലെ രണ്ടാം ഭാഗം പോളിംഗ് ബൂത്ത് മാടക്കാൽ ദ്വീപിലെ അങ്കണവാടിയിലാണ്. ഇവിടെ 182 വോട്ടർമാരാണ് ഉള്ളത്.