p-jagadheeshan-
പി. ജഗദീശൻ തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രിക്കുമുന്നിൽ

ഉദിനൂർ: വോട്ടർമാർ ഒരിക്കൽ കൂടി ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ജീവിതം കൂട്ടിമുട്ടിക്കാൻ സെക്യുരിറ്റി ഗാർഡിന്റെ വേഷമണിഞ്ഞ ഒരു പഞ്ചായത്ത് പ്രസിഡന്റും കാഴ്ചക്കാരനായി ഇക്കൂട്ടത്തിലുണ്ടാകും. പടന്ന ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ഉദിനൂർ മുതിരക്കൊവ്വലിലെ പി. ജഗദീശൻ.

അഞ്ചു വർഷക്കാലം പടന്ന പഞ്ചായത്തിന്റെ പ്രസിഡന്റിന്റെ കസേരയിൽ ഇരുന്നു ജനങ്ങളെ സേവിക്കുകയും അടുത്ത അഞ്ചു വർഷക്കാലം നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുള്ള ജഗദീശൻ ഇന്ന് കുടുംബത്തെ പോറ്റുന്നതിനായി തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രിയുടെ സെക്യൂരിറ്റി വേഷത്തിലാണ്. ജനപ്രതിനിധിയായി 10 വർഷം പ്രവർത്തിച്ച ജഗദീശൻ 2015 മുതൽ നാലുവർഷം ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്. ഏതാനും മാസമായി സുരക്ഷാ ജീവനക്കാരന്റെ താത്കാലിക ജോലി എടുത്തു കഴിയുകയാണ്.

ജീവിക്കാനുള്ള സമരത്തിന് ഏതുവേഷവും ചേരുമെന്നാണ് ഈ കമ്മ്യൂണിസ്റ്റുകാരൻ പറയുന്നത്. 2005 ൽ തടിയൻകൊവ്വൽ വാർഡിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥിയായി 400 ലധികം വോട്ടിന് ജയിച്ചാണ് ജഗദീശൻ പടന്നയുടെ പ്രസിഡന്റായത്. മാച്ചിക്കാട് കോളനിയിലെ പട്ടയവിതരണവും കമ്മ്യുണിറ്റി ഹാളുകളിൽ ലൈബ്രറി ആരംഭിച്ചതും ഒന്നാം ക്ളാസിലെ കുട്ടികൾക്ക് ഇ ഗ്ലീഷ് പഠനത്തിന് അവസരം ഉണ്ടാക്കിയതും ഉൾപ്പെടെ താൻ അധികാരത്തിലുണ്ടായപ്പോൾ നടപ്പിലാക്കിയ വികസന പദ്ധതികൾ ജഗദീശൻ ഓർത്തെടുക്കുന്നു.

സി.പി.എം ഉദിനൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് ഇന്ന് ജഗദീശൻ. സുനിതയാണ് ഭാര്യ. സാനിയ ജഗദീഷ് , ദോജിൻ കൃഷ്ണ എന്നിവർ മക്കളാണ്.