കണ്ണൂർ: എറണാകുളം ജില്ലാ ട്രഷറിയിലെ വനിതാ ജീവനക്കാരികളെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ ഉത്തരവിറക്കിയ സംഭവത്തിൽ ട്രഷറി ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ. ട്രഷറി ഡറക്ടർ എം.എം. ജാഫറിനോട് ഇന്ന് എറണാകുളം വൈ..എം..സി..എ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. എറണാകുളം ജില്ലാട്രഷറിയിലെ വിഷയവുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശം. ഉത്തരവിനെതിരേ ജീവനക്കാരുടെ സർവീസ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസം ഉത്തരവ് പിൻവലിച്ചു. എന്നാൽ ഉത്തരവിനെതിരേ ഒരു വനിതാ ജീവനക്കാരിയുടെ ഭർത്താവ് ധന മന്ത്രിക്ക് പരാതി നൽകുകയും ധനകാര്യ വകുപ്പ് ഉത്തരവ് ഇറക്കാനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുകയും ചെയ്തു. വകുപ്പുതല അന്വേഷണത്തിൽ ഉത്തരവിനാധാരമായി നടത്തിയ അന്വേഷണം വസ്തുതാ വിരുദ്ധമാണെന്നായിരുന്നു കണ്ടെത്തിയത്. വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട ധനകാര്യ വകുപ്പ് സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉത്തരവുകളിലും പ്രസ്താവനകളിലും ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ട്രഷറി ഡയറക്ടർ, വിജിലൻസ് ചുമതല വഹിക്കുന്ന ട്രഷറി ജോയിന്‍റ് ഡയറക്ടർ എന്നിവർക്ക് രേഖാമൂലം താക്കീതും നൽകിയിരുന്നു. ഇതിനിടെയാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ വനിതാ കമ്മിഷൻ ഉത്തരവിട്ടത്.