തലശ്ശേരി: വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിക്കുമ്പോൾ മുമ്പൊരു കാലത്തും ഇല്ലാത്ത വിധം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പ്രതീക്ഷയും ഒപ്പം ആശങ്കയും പടരുകയാണ്. തലശ്ശേരി നഗരസഭയിലും, സമീപ പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് തന്നെയാണ് മേൽക്കൈയെങ്കിലും, സമ്മതിദായക മനസ് വായിച്ചെടുക്കാനാവാതെ ആശങ്കയും ചില നേതാക്കൾ തന്നെ രഹസ്യമായി പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞകാലങ്ങളേക്കാൾ അനുകൂലമാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.
വോട്ടർമാർ പതിവിലും ആവേശത്തിലാണ് ഈ കൊവിഡ് കാലത്തും. ഇതാണ് മുന്നണികളുടെ ഉറക്കം കെടുത്തുന്നത്. ദശകങ്ങളേറെയായി, ഇടതുപക്ഷത്തോടൊപ്പം നിന്ന നഗരസഭയാണ് തലശ്ശേരി. ഇവിടെ യു.ഡി.എഫും വിജയപ്രതീക്ഷ വയ്ക്കുകയാണ്. എന്നാൽ ഇടതുമുന്നണിക്ക് ഭരണം കൈവിടില്ലെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. 52 അംഗ നഗരസഭയിൽ നിലവിലുള്ള 35 ൽ സി.പി.എം ലക്ഷ്യമിടുന്ന 39സീറ്റുകൾ അവർക്ക് നേടാനാവുമോയെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. യു.ഡി.എഫ് പറയുന്ന മാജിക്കൽ റിയലിസത്തിലൂടെ ഇരുപതോളം സീറ്റുകൾ പിടിക്കാനാവുമോ എന്ന ചോദ്യമാണുയരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച ആറ് സീറ്റിലെ അപ്രതീക്ഷിത വിജയവും, 12 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തിയതും ഇത്തവണ വർദ്ധിതമായ ആവേശത്തിൽ, മുന്നേറ്റമുണ്ടാക്കാനാവുമോ എന്നത് ഇടത്-വലത് മുന്നണികൾ ജാഗ്രതയോടെ നിരീക്ഷിക്കുന്ന കാര്യമാണ്.
തുടർഭരണമുണ്ടായാൽ ഇടത് മുന്നണി ചെയർപേഴ്സൺ സ്ഥാനത്തേക്ക് ചിള്ളക്കരയിൽ നിന്ന് മത്സരിക്കുന്ന ഐ. അനിതയെയോ പന്നോലിൽ നിന്നുള്ള ജമുന ടീച്ചറെയോ ആയിരിക്കും പരിഗണിക്കുക. സി.പി.എം നേതാവ് വാഴയിൽ ശശി വൈസ് ചെയർമാനുമായേക്കും.
മുൻകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പൊലീസിന് തലവേദനയുണ്ടാക്കാതെയാണ് ഇക്കുറി കൊട്ടിക്കലാശം നടന്നത്. കൊവിഡ് ഇക്കാര്യത്തിൽ തുണയായി. കൊട്ടിക്കലാശത്തിൽ നിന്നും മുളപൊട്ടുന്ന സംഘർഷം പിന്നീട് തിരഞ്ഞെടുപ്പ് നാളിലും, ഫലപ്രഖ്യാപന വേളയിലും ആളിക്കത്തുകയാണ് പ്രദേശത്തിന്റെ പതിവെന്നത് കൊണ്ട് ഇക്കാര്യം ഏറെ ആശ്വാസത്തിന് വകനല്കി. നങ്ങാറത്ത് പീടിക, മണോളിക്കാവ്, ഇല്ലത്ത് താഴെ, കണ്ണോത്തും പള്ളി, കാവുംഭാഗം ചിറക്കര പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് വിവാദം എല്ലാ തിരഞ്ഞെടുപ്പുകളിലുമുണ്ടാകുന്നിടത്ത് 'മാസ്‌ക് ധരിച്ചുള്ള വോട്ടർമാരുടെ വരവ് തർക്കങ്ങൾക്കിടയാക്കുമെന്നും സംശയിക്കുന്നു.
ഇടതുകോട്ടകളിൽ മാറ്റമുണ്ടാകുമോ?
ഇടതു മേൽക്കൈയുള്ള പഞ്ചായത്തുകളാണ് എരഞ്ഞോളിയും, ധർമ്മടവും കതിരൂരും. എരഞ്ഞോളിയിൽ കഴിഞ്ഞ തവണ 16 ൽ ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നഷ്ടമായത്. കതിരൂരിലാകട്ടെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി മുഴുവൻ സീറ്റുകളും എൽ.ഡി.എഫ് കുത്തകയാക്കി വെച്ചിരിക്കുകയാണ്. ധർമ്മടത്ത് 18 സീറ്റുകളിൽ നാല് വാർഡുകളിൽ മാത്രമാണ് യു.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിക്കാനായത്. എന്നാൽ കോട്ടയ്ക്ക് ഒരു വെല്ലുവിളിയുമില്ലെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ യു.ഡി.എഫും ബി.ജെ.പിയും കൂടുതൽ പ്രതീക്ഷവയ്ക്കുന്നു. ന്യൂ മാഹിയിൽ മൊത്തമുള്ള 13 വാർഡുകളിൽ നിലവിൽ 9 സീറ്റ് സി.പി.എമ്മിനും, 4 സീറ്റ് മുസ്ലിം ലീഗിനുമുണ്ട്. ഇതിൽ രണ്ട് സീറ്റുകൾ എൽ.ഡി.എഫിൽ നിന്നും ഇത്തവണ പിടിച്ചെടുക്കുമെന്ന് യു.ഡി.എഫിന് പ്രതീക്ഷകളുണ്ട്. എന്നാൽ ഒരു വാർഡ് പുതുതായി കിട്ടുമെന്ന് എൽ.ഡി.എഫിനും ശുഭാപ്തി വിശ്വാസമുണ്ട്.