ആലക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും മുൻകാലങ്ങളിലേതുപോലെ ഇത്തവണ പ്രചാരണരംഗത്ത് പ്രകടിപ്പിക്കാൻ കൊവിഡ് 19 തടസമായെങ്കിലും മലയോര പഞ്ചായത്തുകളിൽ പോരാട്ടവീര്യത്തിന് ഒട്ടും കുറവുണ്ടായില്ല. ആലക്കോട്, നടുവിൽ, ഉദയഗിരി, ചപ്പാരപ്പടവ് തുടങ്ങിയ പഞ്ചായത്തുകളിൽ ഇന്നത്തെ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന കനത്ത മഴയാണ് വോട്ടർമാരെയും സ്ഥാനാർത്ഥികളെയും കുഴയ്ക്കുന്നത്.
ഉദയഗിരി പഞ്ചായത്തിലെ 15 വാർഡുകളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന ഈ പഞ്ചായത്ത് ഇത്തവണ തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് നേതൃത്വം. മാണി ഗ്രൂപ്പ് കൂടി മുന്നണിയിലെത്തിയതോടെ 15 ൽ 10 സീറ്റുകളെങ്കിലും നേടുമെന്ന കണക്കു കൂട്ടലിലാണ് എൽ.ഡി.എഫ്. എന്നാൽ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് തങ്ങൾക്ക് ഭീഷണിയല്ലെന്നും തുടർഭരണത്തിനനുകൂലമായി വോട്ടർമാർ വിധിയെഴുതുമെന്നുമാണ് യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നത്.

കഴിഞ്ഞതവണ ഒരു വാർഡിൽ വിജയിക്കുകയും മറ്റൊരു വാർഡിൽ 4 വോട്ടിന് പരാജയപ്പടുകയുംചെയ്ത ബി.ജെ.പി യും നില മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്. ആലക്കോട്, നടുവിൽ എന്നീ പഞ്ചായത്തുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. നിലവിൽ യു.ഡി.എഫ് ഭരണത്തിലുള്ള ഈ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്. ബി.ജെ.പി യെ കൂടാതെ പല വാർഡുകളിലും വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ സ്ഥാനാർത്ഥികളും മത്സരിക്കുന്നതിനാൽ അവർ പിടിക്കുന്ന വോട്ടുകൾ പലരുടെയും വിധിയെഴുത്താകുമെന്നു കരുതുന്നതിൽ തെറ്റില്ല.