കണ്ണൂർ: പരാജയ ഭീതിയിലുള്ള മുൻകൂർ ജാമ്യമെടുക്കലാണ് യു.ഡി.എഫിന്റെ കള്ളവോട്ടെന്ന പല്ലവിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച തദ്ദേശസ്ഥാപനങ്ങളിൽ പോലും എൽ.ഡി.എഫ് ഇക്കുറി മികച്ച വിജയം നേടും. 2015 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും വാർഡുകളും തദ്ദേശസ്ഥാപനങ്ങളും എൽ.ഡി.എഫ് നേടും.
പ്രചാരണസമയത്ത് യു.ഡി.എഫ് നടത്തിയ കള്ളപ്രചാരവേലകളെല്ലാം ജനങ്ങൾ തള്ളിയതോടെയാണ് കള്ളവോട്ടെന്ന പുതിയ വാദവുമായി നേതാക്കൾ ഇറങ്ങിയത്. യു.ഡി.എഫ് വർഗീയ– തീവ്രവാദ മുന്നണിയാണെന്ന് പ്രചാരണസമാപനത്തിലെ യോജിച്ച് റാലികൾ ഒന്നുകൂടി ഉറപ്പിച്ചു. പലയിടത്തും ഒന്നിച്ചാണ് ഇവരുടെ സ്‌ക്വാഡുകൾ വീടുകൾ കയറിയത്. മതേതര– മതവിശ്വാസികൾക്ക് ഇത് കൃത്യമായി ബോധ്യമായിട്ടുണ്ട്. യുഡിഎഫിന്റെ വെൽഫെയർ സഖ്യത്തെ മുസ്ലിം സംഘടനകൾ തന്നെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പലയിടങ്ങളിലും യു.ഡി.എഫുകാർ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫിന് വോട്ടുനൽകുമെന്ന് സംശയമുള്ള, യു.ഡി.എഫ് ആഭിമുഖ്യമുള്ള വീടുകളിലുള്ളവരുടെയും മറ്റും തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡുകളും വാങ്ങിവെക്കുന്നതായും പരാതിയുയർന്നിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.