
കണ്ണൂർ: മലബാറിൽ കനത്ത പോളിംഗ് തുടരുന്നതിനിടെ വടക്കേയറ്റത്തെ നാല് ജില്ലകളും ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതം. തെക്കൻ ജില്ലകളും മദ്ധ്യ കേരളവും ചാഞ്ഞു ചെരിഞ്ഞും ആടിക്കളിക്കുമ്പോൾ ഇടതുമുന്നണിക്കൊപ്പം എക്കാലവും കരുത്തോടെ നില കൊണ്ടിരുന്നത് വടക്കൻ ജില്ലകളാണ്. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇടത് പൂർണമേധാവിത്വം നേടുമ്പോൾ മലപ്പുറം ജില്ല മാത്രമാണ് യു.ഡി.എഫിന് ആശ്വാസമാകാറുള്ളത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഇതിനൊരു അപവാദമായിരുന്നു. ഈ നാല് ജില്ലകളിലും വൻ മുന്നേറ്റം നടത്തി യു.ഡി. എഫ് ആ 'പേരുദോഷം ' മാറ്റി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാമ്പിൾ വെടിക്കെട്ടെന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനു ഏറെ പ്രാധാന്യം നൽകുന്നുണ്ട് മൂന്നു മുന്നണികളും. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭയിലെ വിജയം ആവർത്തിക്കുമെന്ന യു.ഡി.എഫ് കണക്കുകൂട്ടലിനെ കൊവിഡ് അതിജീവനം, വികസനം, സാമൂഹിക സുരക്ഷാ പെൻഷൻ എന്നിവ കൊണ്ടാണ് ഇടതുമുന്നണി നേരിടുന്നത്. എന്നാൽ വെറും മത്സരത്തിനല്ല, ജയിക്കാൻ തന്നെയാണ് സ്ഥാനാർഥികളെ നിർത്തിയതെന്ന വാദവുമായി ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും രംഗത്തുണ്ട്.
കോഴിക്കോട്
സംസ്ഥാന രാഷ്ട്രീയത്തിലെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് മൂന്ന് മുന്നണികളും കോഴിക്കോട് ജില്ലയിൽ വോട്ടർമാരെ നേരിടുന്നത്. ഇതിനു പുറമെ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാനായത് മലയോരത്ത് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അതുപോലെ എൽ.ജെ.ഡി തിരിച്ചെത്തിയതും കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിന്റെ കോഴിക്കോട് കോർപ്പറേഷൻ ചരിത്രം പരിശോധിച്ചാൽ കോൺഗ്രസിന് ഒരിക്കൽ പോലും പച്ച തൊടാനായിട്ടില്ല. അതേ സമയം 2010ൽ യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഇത്തവണ കോർപ്പറേഷനിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വെൽഫയർപാർട്ടിയുമായുള്ള ബന്ധം കോൺഗ്രസ് നേതൃത്വം നിഷേധിക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും അതു നിലനിൽക്കുന്നതു കാണാം. കുറ്റ്യാടി, മുക്കം, ചെറുവണ്ണൂർ മേഖലകളിൽ വെൽഫെയർ പാർട്ടിക്കുള്ള സ്വാധീനമാണ് യു.ഡി.എഫിന്റെ കരുത്ത്. വടകര ഭാഗത്ത് എൽ.ജെ.ഡിയാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുന്നതെങ്കിൽ ആർ.എം.പി. നേതൃത്വം നൽകുന്ന ജനകീയ മുന്നണിയാണ് യു.ഡി.എഫിന് തുണയാകുന്നത്. വടകര ബ്ലോക്ക് പഞ്ചായത്തിന് പുറമെ ഒഞ്ചിയം,അഴിയൂർ, ഏറാമല, ചോറോട് എന്നീ പഞ്ചായത്തുകളിൽ യു.ഡി.എഫ് പുതിയ രൂപത്തിൽ ജനകീയമുന്നണിയാവുകയാണ്. കോൺഗ്രസ് 25 വാർഡിൽ മത്സരിക്കുമ്പോൾ ആർ.എം.പി. 24ലും ലീഗ് 23ലും മാറ്റുരക്കുന്നു. ഇതിനെ ചെറുക്കാൻ തന്നെയാണ് എൽ.ഡി.എഫിന്റെ ശ്രമം. ഏറാമല, ചേറോട്, അഴിയൂർ, എന്നിവിടങ്ങളിൽ എൽ.ജെ.ഡിക്ക് നല്ല സ്വാധീനമുണ്ട്. എൽ.ജെ.ഡിയുടെ ബലത്തിൽ യു.ഡി.എഫ് പഞ്ചായത്തുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സി.പി.എമ്മിന്റേത്.
മലപ്പുറം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളും ജനസംഖ്യയുമുള്ള മലപ്പുറത്ത് ഇക്കാലമത്രയും യു.ഡി.എഫിനാണ് മുൻതൂക്കം ലഭിച്ചത്. യു.ഡി.എഫിന്റെ എക്കാലത്തേയും ഇളക്കമില്ലാത്ത കോട്ടയാണ് മലപ്പുറം. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തന്നെയാണ് എന്നും മുന്നേറ്റം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനത്തിലൂടെ യു.ഡി.എഫിനെ വിറപ്പിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞുവെന്നത് രാഷ്ട്രീയത്തിൽ രണ്ടും രണ്ടും നാലല്ലെന്ന് തെളിയിക്കുന്നു. പെരിന്തൽമണ്ണയിൽ മാത്രമല്ല മലപ്പുറത്ത് മൊത്തം വൻ മുന്നേറ്റം നേടാൻ കഴിയുമെന്ന പ്രതീക്ഷ എൽ.ഡി.എഫിനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താനൂർ നഗരസഭയിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത് എൻ.ഡി.എ വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്നുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് ജയിച്ചവരിൽ പലരും യു.ഡി. എഫിലേക്ക് പോയതോടെ കൊണ്ടോട്ടി നഗരസഭയിലടക്കം രണ്ടാം പകുതിയായപ്പോഴേക്കും ഭരണം മാറുകയായിരുന്നു. കോൺഗ്രസിലും ലീഗിലും ഇത്തവണ കാര്യമായ വിമതശല്യമില്ല. കഴിഞ്ഞ തവണ 24 തദ്ദേശസ്ഥാപനങ്ങളിൽ ലീഗ് -കോൺഗ്രസ് സൗഹൃദ മത്സരങ്ങളുണ്ടായിരുന്നു. ഇക്കുറി രണ്ടിടത്ത് മാത്രമേ ഇത്തരത്തിലുള്ള മത്സരങ്ങളുള്ളൂവെന്നതും യു.ഡി. എഫിന് പ്രതീക്ഷ നൽകുന്നുണ്ട്.