open

കാസർകോട്: അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴ കാസർകോട് ജില്ലയിലെ വോട്ടെടുപ്പിനെ ബാധിച്ചു. രാവിലെ എട്ടര മുതലാണ് വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങിയത്. യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്നതിനാൽ ബൂത്തുകളിലും മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല. മഴ കാരണം ബൂത്തുകൾക്ക് സമീപം മുന്നണികൾ സ്ലിപ് കൊടുക്കുന്ന കേന്ദ്രങ്ങൾ പൊളിച്ചു മാറ്റേണ്ടിവന്നു. ഒമ്പതര മണിയോടെ മഴ കനത്തു. ഇതോടെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണവും കുറഞ്ഞു. പുറത്ത് കൂടിനിന്നിരുന്ന രാഷ്ട്രീയക്കാരും സ്ഥലംവിട്ടു. എന്നാൽ ചില കേന്ദ്രങ്ങളിൽ കനത്ത മഴയെ കൂസാതെ തന്നെ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കാണാനുണ്ടായിരുന്നു.

കുടകളുമായി ക്യൂവിൽ നിന്നവരും ഏറെയായിരുന്നു. മഴ നനഞ്ഞു കൊണ്ട് വോട്ട് ചെയ്യാൻ എത്തിയവരും ചില ബൂത്തുകളിൽ ഉണ്ടായി. ജില്ലയിൽ ആദ്യത്തെ രണ്ടു മണിക്കൂറിൽ 15 ശതമാനം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ ചില കേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ആയിരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിലെ കൂളിയാട് സ്കൂളിൽ വോട്ടിംഗ് യന്ത്രത്തിലെ തകരാറു കാരണം അൽപസമയം പോളിംഗ് തടസപ്പെട്ടു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ രാവിലെ 7 മണിയോടെ കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വോട്ട്. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും അദ്ദേഹത്തിന്റെ ഭാര്യ എസ്. സുധാമണിയും പടന്നക്കാട് ശ്രീനാരായണ യുപി സ്കൂളിലെ 27 ആം നമ്പർ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി.

എം.പി ആയതിനുശേഷം അദ്ദേഹത്തെയും കുടുംബത്തിന്റെയും വോട്ട് കാസർകോട് ജില്ലയിലെ താമസ സ്ഥലത്തേക്ക് മാറ്റിയിരുന്നു. എം. രാജഗോപാലൻ എം.എൽ.എ കയ്യൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ബൂത്തിലും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നെല്ലിക്കുന്ന് സ്കൂൾ ബൂത്തിലും കെ. കുഞ്ഞിരാമൻ എം.എൽ.എ പെരിയ സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന് പൊലീസ് ശക്തമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളെ 10 ഡിവിഷനുകളായി വിഭജിച്ചു ഓരോ ഡിവൈ.എസ്.പി മാർക്ക് ചുമതല നൽകിയാണ് ക്രമസമാധാനപാലനം നടത്തിയത്. പള്ളിക്കര പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റത് ഒഴിച്ചാൽ മറ്റ് സ്ഥലങ്ങളിൽ ഒന്നും സംഘർഷമുണ്ടായതായി റിപ്പോർട്ടുകളില്ല. ജില്ലയിലെ സംഘർഷ ബാധിത ബൂത്തുകളിൽ വെബ് ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് ആയിരുന്നു വോട്ടെടുപ്പ്.