pinarayi-vijayan

പിണറായി (കണ്ണൂർ) :തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ജനമൊന്നാകെ കൂടെയുണ്ടെന്നും ഇടതുമുന്നണി ഐതിഹാസിക വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തം നാടായ പിണറായിയിലെ ചേരിക്കൽ ജൂനിയർ ബേസിക് യു.പി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാരിനെതിരെ ഇത്രയും കള്ളങ്ങളും നുണകളും പ്രചരിപ്പിക്കുന്നത് കണ്ട് ആത്മരോഷത്തോടെ പ്രതികരിക്കാനാണ് ജനമൊന്നാകെ കൂടെ നിൽക്കുന്നത്.

ഈ സർക്കാരിനെ ഏത് വിധേനയും ഒന്ന് തളർത്താനാകുമോ എന്നാണ് ചിലർ നോക്കുന്നത്. അതിന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും രാഷ്ട്രീയ പ്രേരിതമായും ശ്രമിക്കുകയാണ്.16 ന് വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാം ആരാണ് തളർന്നത്, ആരാണ് ഉലഞ്ഞത് എന്ന്. എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുന്നതോടെ സർക്കാരിനെതിരെ കൂടുതൽ നടപടികളിലേക്ക് ഇവർ കടക്കും. അങ്ങനെ കടക്കണമെങ്കിൽ അവർക്ക് കടക്കാം. ജനങ്ങൾക്ക് ഇതൊക്കെ കൃത്യമായി ബോദ്ധ്യമായിട്ടുണ്ട്. ഞങ്ങൾക്ക് വിജയസാദ്ധ്യതയില്ലാത്ത ചില പ്രദേശങ്ങളിലും ഇത്തവണ വിജയം നേടും.
പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നെല്ലാം വെറുതെ പറയുന്നതാണ്. കൊവിഡ് തുടങ്ങിയപ്പോൾ മുതൽ പൂർണമായും സൗജന്യചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. മറ്റൊരിടത്തും ഇങ്ങനെയല്ല. അതുകൊണ്ട് തന്നെ ഈ കൊവിഡ് പ്രതിരോധത്തിന് പ്രധാന സഹായമാകുന്ന വാക്‌സിൻ കാശ് വാങ്ങി കൊടുക്കേണ്ട കാര്യമില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.