pinarayi-and-kanam-rajend

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പമെത്തിയാണ് ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മക്കളായ വീണ, വിവേക് എന്നിവർക്കൊപ്പം രാവിലെ എട്ടു മണിയോടെ തന്നെ ബൂത്തിലെത്തി.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ കോടിയേരി ജൂനിയർ ബേസിക് സ്കൂളിൽ ഭാര്യ വിനോദിനിക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. മന്ത്രി ഇ.പി. ജയരാജൻ അരോളി ഗവ. എച്ച്.എസ്.എസിലും,​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ. എൽ.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. മട്ടന്നൂരിൽ തിരഞ്ഞെടുപ്പില്ലാത്തതിനാൽ മന്ത്രി കെ.കെ. ശൈലജയ്ക്ക് വോട്ടില്ല. കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി ആലിങ്കിൽ അങ്കണവാടിയിൽ കുടുംബസമേതം എത്തി വോട്ട് ചെയ്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂർ കോർപറേഷൻ പള്ളിക്കുന്ന് ഡിവിഷനിലെ പളളിക്കുന്ന് ഗവ. ഹൈസ്‌കൂളിലെ ബൂത്തിലും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് സെയ്താർപള്ളി മുബാറക്ക് യു.പി സ്‌കൂളിലും മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ അഴീക്കോട് അക്ലിയത്ത് എൽ.പി സ്‌കൂളിലും വോട്ട് ചെയ്തു.