vote
കൂളിയങ്കാൽ എയുപി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാൻ വോട്ടറുമായി എത്തിയപ്പോൾ

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാഞ്ഞങ്ങാട്ട് സമാധാനപരം. ബൂത്തുകളിൽ രാവിലെ മുതൽതന്നെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞും തുടർന്നു. വൈകിട്ട് ആറു വരെയായിരുന്നു വോട്ടെടുപ്പ്. വോട്ടിംഗ് മെഷീനിന്റെ തകരാറോ പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയോ കാണാനായില്ല.

കാഞ്ഞങ്ങാട്ട് കൂളിയങ്കാൽ എ.യു.പി സ്‌കൂൾ, തെരുവത്ത് ജി.എൽ.പി സ്‌കൂൾ, ദുർഗ്ഗ ഹയർ സെക്കൻഡറി സ്‌കൂൾ, ബല്ല ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ,ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻ‌ഡറി സ്‌കൂൾ എന്നിവിടങ്ങളിലൊക്കെയും വോട്ടർമാർക്ക് നിൽക്കുന്നതിനായി പ്രത്യേകം കളം വരച്ചിരുന്നു. ഇത്തരത്തിലുള്ള ക്രമീകരണങ്ങളൊക്കെയും പ്രവർത്തകർ ഉൾക്കൊള്ളുകയും ചെയ്തു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പടന്നക്കാട്ടെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. നഗരസഭ മുൻ ചെയർമാൻ വി.വി രമേശൻ കാഞ്ഞങ്ങാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലും വൈസ് ചെയർമാനായിരുന്ന എൽ സുലൈഖ പടന്നക്കാട്ടെ ബൂത്തിലും വോട്ടുകൾ രേഖപ്പെടുത്തി. കോടോം ബേളൂർ പഞ്ചായത്തിൽ അയ്യങ്കാവിലെ ബൂത്തിൽ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിനു ശേഷം മെഷീൻ തകരാറിലായി. ഒമ്പത് പേർ വോട്ടു രേഖപ്പെടുത്തിയതിനു ശേഷമാണ് മെഷീൻ പ്രവർത്തിക്കാതായത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. പിന്നീട് മെഷീൻ നന്നാക്കിയതിനു ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.