കാഞ്ഞങ്ങാട്: വിവാഹ ദിവസം തന്നെ കന്നിവോട്ടു ചെയ്യാൻ അവസരം ഒത്തുവന്നതിൽ ആഹ്ലാദത്തിലാണ് പരപ്പ എടത്തോട്ടെ ബി. കുഞ്ഞബ്ദുള്ളയുടെ മകൾ റഫ്‌സീന. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവർ എടത്തോട്ടെ ശാന്ത വേണുഗോപാൽ മെമ്മോറിയൽ എ.യു.പി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ മണവാട്ടിയുടെ വേഷത്തിൽ തന്നെ എത്തിയത്. .
റഫ്‌സീനയും കാഞ്ഞങ്ങാട് കുശാൽ നഗറിലെ അബ്ദുൾ റഹിമാൻ-ആയിശ ദമ്പതികളുടെ മകൻ റാസിഖും തമ്മിലുള്ള വിവാഹമായിരുന്നു ഇന്നലെ. വരനും സംഘവും വധൂ ഗൃഹത്തിലെത്താനിരിക്കെയാണ് റഫ്‌സീന മാതാവ് സൈനബയ്ക്കും സഹോദരൻ റൗഫിനുമൊപ്പം ബൂത്തിലെത്തിയത്. അരമണിക്കൂറിനകം വോട്ടു രേഖപ്പെടുത്തി നവവധു മടങ്ങുകയും ചെയ്തു. തൃക്കരിപ്പൂർ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയിൽ മൂന്നാംവർഷ ബി.ഫാം വിദ്യാർത്ഥിനിയാണ് റഫ്‌സീന.