
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കൂടിയത് ആരെ തുണയ്ക്കുമെന്ന അങ്കലാപ്പിൽ മുന്നണികൾ. കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് ശതമാനം കൂടിയിട്ടുണ്ട്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.6 ആയിരുന്നു.
ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും കഴിഞ്ഞ തവണ 82 ശതമാനമായിരുന്നു പോളിംഗ്. കണ്ണൂർ കോർപ്പറേഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 74.75 ശതമാനമായിരുന്നു. വോട്ടർമാരുടെ തിരഞ്ഞെടുപ്പ് ആവേശം ഇരുമുന്നണികൾക്കും നെഞ്ചിടിപ്പേറ്റുകയാണ്. എന്നാൽ ഇരുമുന്നണികളെയും മടുത്ത ജനം തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്ന അവകാശവാദം എൻ.ഡി.എയും ഉയർത്തുന്നുണ്ട്.
സംസ്ഥാന ഭരണത്തിന്റെ 'തല'സ്ഥാനം എന്ന നിലയിൽ കണ്ണൂർ ഇടതുമുന്നണിക്ക് അഭിമാന പോരാട്ടമാകുമ്പോൾ യു.ഡി. എഫിന് ജീവന്മരണ മത്സരമായിരുന്നു. എക്കാലവും ഇടതിനൊപ്പം നിന്ന ചരിത്രം അവകാശപ്പെടുന്ന കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചതിച്ചതിന്റെ പാഠവും ഇടതുമുന്നണി അനുഭവിച്ചതാണ്. എന്നാൽ അതേ സാഹചര്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ടതെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
കോർപ്പറേഷനിൽ ഇഞ്ചോടിഞ്ച്
നഗരസഭകളിൽ വോട്ടിംഗ് ശതമാനം കുത്തനെ കൂടുമ്പോഴും കോർപ്പറേഷനിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഇരുമുന്നണികളെയും കടുത്ത ആശങ്കയിലാക്കി. 75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമാണ് കണ്ണൂരിലേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതന്റെ വോട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. ഇത്തവണ അത്തരമൊരു വീഴ്ച ആവർത്തിക്കില്ലെന്ന വാശിയിലായിരുന്നു അരയും തലയും മുറുക്കി ഇരുമുന്നണികളും രംഗം കൊഴുപ്പിച്ചത്.
55 ഡിവിഷനുകളിൽ നാൽപതിൽ തങ്ങൾ ജയിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ 35 ൽ വിജയം നേടുമെന്നാണ് ഇടതുമുന്നണി പറയുന്നത്.
ലീഗിന്റെ കോട്ടകൾ എന്നറിയപ്പെടുന്ന പഴയ കണ്ണൂർ നഗരസഭാ പരിധിയിലെ 14 സീറ്റുകളിൽ പതിനൊന്നും യു.ഡി.എഫ് നേടിയതാണ്. ഇത്തവണ മുഴുവൻ പിടിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. അതേ സമയം എളയാവൂർ, ചേലോറ, പുഴാതി, എടക്കാട് എന്നിവിടങ്ങളിൽ കഴിഞ്ഞതിനെക്കാൾ കൂടുതൽ സീറ്റ് നേടുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്.
ജില്ലാ പഞ്ചായത്ത്
മലയോരത്ത് ഉൾപ്പടെ കണ്ട വോട്ടർമാരുടെ ആവേശം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ നോട്ടപ്പിശകിൽ കൈവിട്ടുപോയ മൂന്നു ഡിവിഷനുകൾ തിരിച്ചുപിടിക്കാൻ കൂടിയ പോളിംഗിലൂടെ കഴിഞ്ഞാൽ ഒപ്പത്തിനൊപ്പമെത്താമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവും കൂടിയ പോളിംഗും മലയോരത്തെ യു.ഡി.എഫ് കോട്ടകളെ അട്ടിമറിക്കാൻ സഹായിക്കുമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. .