മാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ടുംകാവ് ക്ഷേത്രത്തിന്നടുത്ത കൊള്ളുമ്മൽ സ്‌കൂൾ ബൂത്തിൽ എഴുപതുകാരനായ പെരിങ്ങാടിയിലെ കണ്ടോത്ത് വീട്ടിൽ നാണു ഇന്നലെ രേഖപ്പെടുത്തിയത് 'കന്നിവോട്ട് '.
തിരഞ്ഞെടുപ്പിൽ വിശ്വാസമില്ലാഞ്ഞിട്ടോ, രാഷ്ട്രീയക്കാരോട് വിരക്തി തോന്നിയിട്ടോ ആയിരുന്നില്ല, ഇതേവരെ നാണുവിന് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ പോയത്. ഇരുപതാം വയസ്സിൽ, അരനൂറ്റാണ്ട് മുമ്പ് മസ്‌കറ്റിലേക്ക് കപ്പൽ കയറിയതാണ്. അവിടെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു ജോലി. ആദ്യകാലത്ത് ആറും ഏഴും കൊല്ലങ്ങൾ കഴിഞ്ഞാലാണ് നാട്ടിൽ വരിക അപ്പോൾ നാട്ടിൽ തിരഞ്ഞെടുപ്പുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇത്രയും കാലം ഒരു പൗരന്റെ ജനാധിപത്യ ധർമ്മം പാലിക്കാൻ കഴിയാത്തതിന്റെ സങ്കടമുണ്ടായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ചികിത്സാർത്ഥം നാട്ടിലെത്തിയതാണ്. ചികിത്സ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് ലോകമാകെ കൊവിഡ് പടർന്നത്. അതോടെ യാത്രയും നീണ്ടു പോയി. അതിനിടെ കടന്നുവന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് തിരിച്ചറിയൽ കാർഡ് ലഭിച്ചത്.