
കണ്ണൂർ: വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. കണ്ണൂർ മേലെ ചൊവ്വയിലെ ധർമസമാജം യു.പി സ്കൂളിൽ ഒരുക്കിയ ബൂത്തിലെ 27ാം വാർഡിൽ വോട്ടിംഗ് തുടങ്ങിയ ഏഴു മണിക്കു തന്നെ പണിമുടക്കി. തകരാർ പരിഹരിച്ച് 7.48നാണ് വോട്ടിംഗ് ആരംഭിച്ചത്. കൂടാതെ ഇവിടെ ക്യൂവിൽ നിന്ന വോട്ടർമാരൂടെ സമീപം സ്ഥാനാർത്ഥികൾ വന്നതിനെ തുടർന്ന് പൊലീസും പാർട്ടി പ്രതിനിധികളുമായി നേരിയ വാക്കേറ്റവുമുണ്ടായി.
ഏച്ചൂർ ഈസ്റ്റ് എൽ.പി സ്‌കൂൾ ആറാം വാർഡിൽ 25ാം നമ്പർ ബൂത്തിൽ വോട്ടറുടെ കൈതട്ടി യന്ത്രം താഴെ വീണ് തകരാറായി. തകരാർ പരിഹരിച്ച് മുക്കാൽ മണിക്കൂറിനു ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. കുറ്റ്യാട്ടൂർ എ.യു.പി സ്കൂളിൽ പടിഞ്ഞാറ് ബൂത്തിൽ രാവിലെ അരമണിക്കൂർ യന്ത്രത്തകരാറിനെ തുടർന്ന് വോട്ടിംഗ് നിർത്തിവച്ചു. വോട്ടിംഗ് തുടങ്ങി മിനുട്ടുകൾക്കകം കടന്നപ്പള്ളി-പാണപ്പുഴ മൂന്നാം വാർഡ് പാണപ്പുഴ ഗവൺമെന്റ് എൽ.പി സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രവും തകരാറിലായി. കേളകം ഗ്രാമാപഞ്ചായത്ത് രണ്ടാം വാർഡിലെ ഒന്നാം പോളിംഗ് സ്‌റ്റേഷനിൽ ഓപ്പൺ വോട്ടിനെ ചൊല്ലിയും തർക്കമുണ്ടായി. ചേലോറ ഹയർ സെക്കൻഡറി സ്‌കൂളിലെ 17ാം വാർഡിലെ മൂന്നാം നമ്പർ ബൂത്തിൽ യന്ത്രം തകരാറായതിനാൽ 9.30നു ശേഷമാണ് വോട്ടിംഗ് ആരംഭിച്ചത്.